Freedom@lockdown
- Hashtag Kalakar
- Dec 3, 2025
- 6 min read
By Abhijith Kumar V R
ഒരു പാത്രത്തിൽ നിന്നും, ചായ തിളച്ചു മറിയുന്നു. പാത്രത്തിന്റെ അരികിലേക്ക് വരുന്ന പ്രിയ. അവൾ ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്തു കൊണ്ട്, പാത്രം അതിൽനിന്നും എടുക്കുന്നു. ദൃശ്യത്തിൽ ഓവർ ലാപ് ചെയ്യുന്ന, ലോക്ക് ഡൗണിനെ കുറിച്ചുള്ള വാർത്ത.
അവൾ മറ്റൊരു പാത്രം എടുത്തു കൊണ്ട് ചായ ആറ്റുന്നു. ദൃശ്യത്തിൽ തുടർന്ന് കേൾക്കുന്ന വാർത്ത(vo).
അവൾ ചായ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട്, അത് കുടിക്കുന്നു.
-cut to-
സീൻ 1A - വീട് (INT/DAY)
പൈപ്പ് തുറക്കുന്ന പ്രിയ. അവൾ ഗ്ലാസ് കഴുകുന്നു. ദൃശ്യത്തിൽ തുടർന്ന് കേൾക്കുന്ന വാർത്ത(vo). അവൾ പൈപ്പ് പൂട്ടുന്നു. അവൾ ഗ്ലാസ് ഒന്ന് കുടഞ്ഞ ശേഷം, ഗ്ലാസ് കമഴ്ത്തിവെയ്ക്കുന്നു.
ഗ്ലാസ്സിലേക്ക് കേന്ദ്രീകരിക്കുന്ന ക്യാമറ.
ഗ്ലാസിന്റെ അകത്ത്, അകപ്പെട്ടൊരു ഉറുമ്പിന്റെ രൂപം, മെല്ലെ തെളിഞ്ഞുവരുന്നു.
ദൃശ്യത്തിൽ തെളിയുന്ന ടൈറ്റിൽ കാർഡ്
Freedom@Lockdown
-dissolve-
സീൻ 2 - വീട് (INT/DAY)
ഗോവണി ഇറങ്ങി വരുന്ന ആൺകുട്ടി. ഏകദേശം 7-11 പ്രായം വരും. അവൻ അടുക്കളയിലേക്കാണ് നടക്കുന്നത്.
അവൻ അടുക്കളയിൽ ചെന്ന് നിൽക്കുന്നു.
ആൺകുട്ടി
അമ്മേ
അവനെ ആശ്ചര്യത്തോടെ നോക്കുന്ന പ്രിയ.
ആൺകുട്ടി
മോന് ചായ ഇല്ലേ?
അവൾ തെലൊന്ന് സമാധാനിക്കുന്നു.
പ്രിയ
ചായ തീർന്ന് പോയല്ലോ മോനെ.
അവൻ നിരാശയോടെ തിരിഞ്ഞുനടക്കാൻ ഒരുങ്ങുന്നു. പെട്ടെന്ന് അവൻ, അവൾക്ക് നേരെ തിരിയുന്നു.
ആൺകുട്ടി
ഞാനിന്ന് പുറത്ത് പോട്ടെ?
പ്രിയ
ഇപ്പം പുറത്ത് പോകാൻ പറ്റൂല്ല. ഇപ്പോ ലോക്ക് ഡൗൺ അല്ലേ.
ആൺകുട്ടി
എന്നാലും ഒന്ന് പോയി വരട്ടെ.
പ്രിയ(സീരിയസായി കൊണ്ട്)
വേണ്ടാന്ന് പറഞ്ഞാ വേണ്ട. ഇപ്പൊ അന്തരീക്ഷത്തിൽ ഒക്കെ വൈറസ് ഇണ്ടാവും.
ആൺകുട്ടിയുടെ മുഖം നിരാശയിലാഴുന്നു.
ആൺകുട്ടി
എന്നാൽ ഞാൻ ഒന്ന് ഉമ്മറത്ത് പോയിരിക്കട്ടെ
പ്രിയ(ദേഷ്യപ്പെട്ടു കൊണ്ട്)
എടാ നിന്നോടല്ലേ പറഞ്ഞത്, അന്തരീക്ഷത്തിൽ ഒക്കെ വൈറസാണെന്ന്. നീ ഇപ്പോ പുറത്തിറങ്ങിയാൽ, ആ വൈറസ് നിന്നെ കടിക്കും
ആൺകുട്ടി തെല്ലൊന്ന് ഭയക്കുന്നു.
പ്രിയ
അതുണ്ട് മോൻ, മുറിയിൽ പോയി കളിച്ചോ.
നിരാശ കലർന്ന ആൺകുട്ടിയുടെ മുഖത്തേക്ക്.
-cut to-
സീൻ 3 - മുറി (INT/DAY)
വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന ആൺകുട്ടി. അവന്റെ, കണ്ണ് നിറഞ്ഞിട്ടുണ്ട്.അവൻ ആരെയോ നോക്കി നിൽക്കുകയാണ്.
മുറിയിൽ ഇരിക്കുന്ന രണ്ടു വ്യക്തികൾ(pov). അതിലൊരാൾ മധ്യവയസ്കനാണ്, ഏകദേശം 40-50 വയസ്സ് പ്രായം വരും. രണ്ടാമനൊരു യുവാവും, ഏകദേശം 22-24 വയസ്സ് പ്രായം വരും.
മുറിക്ക് ചുറ്റും കൗതുകം നിറഞ്ഞ വസ്തുക്കളും, കളിപ്പാട്ടങ്ങളും, ചിത്രങ്ങളുമുണ്ട്.
ആൺകുട്ടി നിരാശയോടെ കിടക്കയിലേക്ക് ചാടി വീഴുന്നു.
മധ്യവയസ്കൻ
എന്താ മോനെ?
ആൺകുട്ടി(ദുഃഖത്തോടെ)
ഇന്നും എന്നെ പുറത്തുവിട്ടില്ല
മധ്യവയസ്കൻ
മോനെ..അവര് പറയുന്നതിലും കാര്യണ്ടാവും
ആൺകുട്ടി(ദുഃഖത്തോടെ)
ഇമ്മളിപ്പൊ നാട്ടില്ലല്ലേ! വിട യുദ്ധൊന്നും ല്ലല്ലോ
മധ്യവയസ്കൻ
അതിന് ഇത് യുദ്ധമല്ലല്ലോ. ഇത് വൈറസല്ലേ. ഇത് കുറച്ച് കാലം കഴിഞ്ഞാ അങ്ങ് മാറും.
ആൺകുട്ടി
അതവര് വെറ്തെ പറയാ. ആദ്യം യുദ്ധം ആണെന്ന് പറഞ്ഞ് പറ്റിച്ച്. ഇപ്പൊ നാട്ടിലെത്തിയപ്പോ..താ വയറസാ ന്ന് പറഞ്ഞ് പറ്റിക്ക്ന്ന്
മധ്യവയസ്കൻ
മോനെ.. അങ്ങനല്ല. അവിടെ യുദ്ധം നടക്കുന്ന സ്ഥലായതുകൊണ്ട്, എപ്പോ വേണെങ്കിലും യുദ്ധം നടക്കാം. അതുകൊണ്ടല്ലേ അവര് നമ്മളെ മുറിയിലിരിത്തിയത്
ആൺകുട്ടി (ദുഃഖത്തോടെ)
ഞാൻ വിശ്വസിക്കൂല
യുവാവ്
ഞാനും
മധ്യവയസ്കന്റെ റിയാക്ഷൻ.
മധ്യവയസ്കൻ (ആൺകുട്ടിയോട്)
മോനേ അവരങ്ങനെ വെറ്തെ പറയൂല്ലല്ലോ
ആൺകുട്ടിയുടെ റിയാക്ഷൻ.
മധ്യവയസ്കൻ
എന്തായാലും നമുക്ക് പുറത്തിറങ്ങാൻ അവസരം ലഭിക്കും
യുവാവ്
ഏത് കാലത്ത്?
മധ്യവയസ്കൻ
എടാ എല്ലാം ശരിയാവുന്ന ഒരു കാലം വരും. നീയൊന്ന് ക്ഷമിക്ക് (ദീർഘശ്വാസം വിട്ടുകൊണ്ട്). എന്നിട്ട് വേണം എനിക്കൊന്ന് ജോലിക്ക് പോവാൻ
യുവാവ്
ഇയാളിത്, ഏത് സമയവും ജോലി ജോലി ജോലി
മധ്യവയസ്കൻ (രൂക്ഷമായി കൊണ്ട്)
പിന്നെ ഞാനെന്താടാ പറയേണ്ടത്. ഞാൻ പണി എടുത്താല്ലല്ലേ, എനിക്ക് മക്കളെ നോക്കാനാവു. (എന്തോ ചിന്തിച്ചു കൊണ്ട്) അവരെ കണ്ടിട്ട് എത്ര കാലായി.
യുവാവ്
അപ്പോ എന്റെ കുട്ടിയോ ?
മധ്യവയസ്കർ
നിന്റെത് കാമുകിയല്ലേ. ഞാൻ പറയുന്നത് എന്റെ സ്വന്തം മക്കളെ കുറിച്ചാ
യുവാവ്
അതിന് എന്താ?
മധ്യവയസ്കൻ
നമ്മൾ ഇപ്പോ നാട്ടില്ലല്ലേ. നിനക്ക് കാമുകിയെ കാണണമെങ്കിൽ, ഇപ്പോ പോയി കാണാം. പക്ഷേ, എന്റെ മക്കൾ പുറത്ത് പഠിക്കാൻ പോയതല്ലെ.
യുവാവ്(എന്തോ ചിന്തിച്ചുകൊണ്ട്)
That's a good idea. (എഴുന്നേറ്റ് കൊണ്ട്) ഞാനൊന്ന് ശ്രമിച്ചിട്ട് വരാ.
അവൻ മുറിക്ക് പുറത്തിറങ്ങുന്നു.
-cut to-
സീൻ 4 - ഹാൾ(INT/DAY)
ഗോവണി ഇറങ്ങിവരുന്ന യുവാവ്.
ഹാളിലേക്ക് നടന്നുവരുന്ന പ്രിയ (pov).
യുവാവിന്റെ വരവ് കണ്ട്, നിശ്ചലമായി നിൽക്കുകയാണ് പ്രിയ.
അവൻ അവളുടെ അരികിലെത്തുന്നു.
യുവാവ് (പറയാൻ മടിച്ചുകൊണ്ട്)
ആ..അതായത്
പ്രിയയുടെ റിയാക്ഷൻ (അവൾ ഭീതിയോടെയാണ്, അവനെ നോക്കുന്നത്).
യുവാവ്(തുടരുന്നു)
.. എന്റെ കാമുകിയില്ലേ ?
പ്രിയയുടെ റിയാക്ഷൻ.
യുവാവ്
മേരി!
പ്രിയ(അത്ഭുതത്തോടെ)
ആ..
യുവാവ്
ഞാനൊന്ന് അവളെ കാണാൻ പോയിട്ട് വരാം
പ്രിയ(വെപ്രാളത്തിൽ)
മ്മ്..പോണ്ട. ഇപ്പോ ലോക്ക് ഡൗണാ
യുവാവ്
അല്ല..ഞാൻ വേഗം പോയി വരും
പ്രിയ(വെപ്രാളത്തിൽ)
വേണ്ട...പുറത്ത് പോണ്ട. പുറത്തിറങ്ങിയാ...പോലീസ് പിടിക്കും
യുവാവ്(ചിരിച്ചുകൊണ്ട്)
വെറ്തെ
പ്രിയ
സത്യം, പൊറത്തിറങ്ങിയാ പോലീസ് പിടിക്കും
യുവാവിന്റെ മുഖത്ത്, നിരാശയുടെ നിഴൽ പടരുന്നു.
യുവാവ്(എന്തോ ചിന്തിച്ചുകൊണ്ട്)
ലാൻഡ് ഫോൺ, വർക്കിംഗ് ആണോ?
പ്രിയ
അല്ല..നന്നാക്കിയില്ല
പ്രിയയുടെ കയ്യിലുള്ള സ്മാർട്ട് ഫോണിലേക്ക് നോക്കിക്കൊണ്ട്
യുവാവ്
ഇതെന്താ
പ്രിയ (ചിന്തിച്ചുകൊണ്ട്)
കാൽക്കുലേറ്റർ
യുവാവ് (ജിജ്ഞാസയോടെ)
നോക്കട്ടെ
പ്രിയ (പതറി കൊണ്ട്)
മ്മ്..ഷോക്കടിക്കും
യുവാവിന്റെ ഉള്ളിൽ അമർഷം ഉണ്ടെങ്കിലും, അതവൻ പുറത്തുകാണിക്കാതെ ഒരു ഇളിഭ്യ ചിരി ചിരിക്കുന്നു.
യുവാവ്
Ok..
ദൃശ്യത്തിൽ ഓവർ ലാപ് ചെയ്യുന്ന, വാതിൽ അടയ്ക്കുന്നതിന്റെ ശബ്ദം.
-match cut-
സീൻ 5 - മുറി(INT/DAY)
തുടർന്ന് കേൾക്കുന്ന വാതിൽ അടിക്കുന്ന ശബ്ദം.
വാതിൽ അടയ്ക്കുന്ന യുവാവ്.
അവനെ നോക്കി നിൽക്കുന്ന ആൺകുട്ടിയും മധ്യവയസ്കനും. മധ്യവയസ്കൻ പിരികം പൊക്കിക്കൊണ്ട്, കാര്യം അന്വേഷിക്കുന്നു.
യുവാവ് (അമർഷത്തോടെ)
Instrument box കാണിച്ച് പറ്റിക്കാൻ നോക്കാണ് ആ കള്ള തള്ള
ആൺകുട്ടി
അമ്മയെ തള്ളാന്ന് വിളിക്കല്ല്
യുവാവ് (അമർഷത്തോടെ)
ഞാൻ വിളിക്കും
മധ്യവയസ്കൻ
എന്താ പ്രശ്നം?
യുവാവ് (അമർഷത്തോടെ)
പുറത്തിറങ്ങിയാ പോലീസ് പിടികൂന്ന്. പോലീസ് പിടിക്കാൻ ഞാനെന്തെങ്കിലും കട്ടോ?
മധ്യവയസ്കൻ
ഇപ്പം ലോക്ക്ഡൗൺ ആയതുകൊണ്ടാ.
യുവാവ് അലസതയോടെ കസേരയിൽ ചെന്നിരിക്കുന്നു.
മധ്യവയസ്കൻ
എടാ ഇപ്പത്തെ സിറ്റുവേഷൻ അങ്ങനെ ആയതുകൊണ്ടല്ലേ
യുവാവ്
യെന്ത് സിറ്റുവേഷൻ?
മധ്യവയസ്കൻ
നീയൊന്ന് സമാധാനിക്ക് നമുക്ക് പുറത്തിറങ്ങാൻ സമയം കിട്ടും.
യുവാവ്
എപ്പോ..ചാവുമ്പോ?
മധ്യവയസ്കൻ
നീയൊന്നു വെയിറ്റ് ചെയ്യ്..
അവരിൽ നിന്നും, ആൺകുട്ടിയിലേക്ക് കേന്ദ്രീകരിക്കുന്നു ക്യാമറ.
അവൻ കിടക്കയിൽ കിടന്നു കൊണ്ട്, ചിത്രം വരയ്ക്കുകയാണ്. അവൻ ഭീമാകാരമായ ഒരു വൈറസിന്റെ ചിത്രമാണ് വരയ്ക്കുന്നത്.
-dissolve-
സീൻ 5A - മുറി(INT/DAY)
ചിത്രങ്ങൾ ഒട്ടിച്ച ഷോക്കേസിന്റെ ഭിത്തിയിലൂടെ പാൻ ചെയ്യുന്ന ക്യാമറ.
ക്യാമറയിൽ ദൃശ്യമാവുന്ന (ഇരുണ്ട ഒരു മുറിയിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം, യുദ്ധം നടക്കുന്നതിന്റെ ചിത്രം, കൂട്ടിലകപ്പെട്ട ഒരു കുട്ടിയുടെ ചിത്രം, ഇരുണ്ട മുറിയിൽ ഇരിക്കുന്ന വൃദ്ധന്റെ ചിത്രം etc.)
വരച്ചു കഴിഞ്ഞ ചിത്രം, ഒഴിഞ്ഞ ഭിത്തിയിൽ ഒട്ടിക്കുന്ന ആൺകുട്ടി. ഒരു വൈറസിന്റെ ചിത്രമാണത്.
അവൻ തിരികെ കട്ടിലിനരികിലേക്ക് വരുന്നു.
മധ്യവയസ്കൻ, ബുക്ക് വായിക്കുകയാണ്(pov). ചെറുപ്പക്കാരൻ, കളിക്കുന്ന കാർ ഉരുട്ടുകയാണ് (pov). അവനാ കാർ ചുമരിലിടിക്കുന്നു.
യുവാവ്
ആസ്ക്..സിഡൻറ്. ആക്സ്..സിഡൻറ്
അവരെ നോക്കിയശേഷം ആൺകുട്ടി വാതിലിന്റെ അരികിലേക്ക് നീങ്ങുന്നു.
മധ്യവയസ്കൻ(ആൺകുട്ടിയെ നോക്കിക്കൊണ്ട്)
എവിടെ പോവാ?
ആൺകുട്ടി
ഞാൻ പൊറത്ത് പോവാ
യുവാവ് കയ്യടിക്കുന്നു.
മധ്യവയസ്കൻ
എടാ നിന്നെ പുറത്തുവിടില്ല
ആൺകുട്ടി(വാശിയോടെ)
ഞാനെന്തായാലും പോകും
അവൻ വാതിൽ തുറന്നു പുറത്തേക്ക്.
-cut to-
സീൻ 6 - വീട്(INT/DAY)
വാതിൽ തുറക്കാൻ ശ്രമിക്കുന്നു ആൺകുട്ടി. വാതിൽ പൂട്ടി ഇട്ടതാണെന്ന് അവന് മനസ്സിലാവുന്നു.
അവൻ പമ്മിപ്പമ്മി മുകളിലേക്ക് നീങ്ങുന്നു.
-cut to-
സീൻ 6A - വീട്(INT/DAY)
അവൻ പ്രിയയുടെ മുറി ലക്ഷ്യമാക്കി നീങ്ങുന്നു.
ആ മുറിയുടെ വാതിൽ തുറന്നു കൊണ്ടവൻ അകത്തു പ്രവേശിക്കുന്നു.
തുടർന്ന് അവൻ ആ മുറി പരിശോധിക്കാൻ തുടങ്ങുന്നു.
അലമാരയിൽ നിന്നും അവന് താക്കോൽ ലഭിക്കുന്നു. ആരുടെയോ കാൽപെരുമാറ്റം കേട്ടവൻ കട്ടിലിന്റെ അടിയിലേക്ക് നീങ്ങുന്നു.
മുറിയിലേക്ക് പ്രവേശിക്കുന്ന പ്രിയയുടെ പാദങ്ങൾ(pov). അവൻ ശബ്ദം പുറത്തു വരാതിരിക്കാൻ വാ പൊത്തുന്നു.
പ്രിയയുടെ പാദങ്ങൾ, അലമാര ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. പെട്ടെന്നൊരു തുണി നിലത്തു വീഴുന്നു. അതെടുക്കാൻ കുനിയുന്ന പ്രിയയുടെ കൈ. പെട്ടെന്ന് ഫോൺ റിംഗ് ചെയ്യുന്നു. അവൾ നിവർന്നു കൊണ്ട് ഫോണിന്റെ അരികിലേക്ക് നീങ്ങുന്നു.
പ്രിയ(vo)
ആ..പറ
ആൺകുട്ടി പതിയെ കട്ടിലിനടിയിൽ നിന്നും പുറത്തേക്കിറങ്ങുന്നു.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രിയ.
പ്രിയ
ആ ഞാൻ അറിഞ്ഞ്
ആൺകുട്ടി ദൃതിയിൽ മുറിക്ക് പുറത്തേക്ക് ഓടുന്നു.
പുറത്തിറങ്ങിയശേഷം അവനാ മുറി കുറ്റിയിടുന്നു.
മുറിയുടെ വാതിലിൽ മുട്ടുന്ന ശബ്ദം.
പ്രിയ(vo)
എടാ..
അവൻ മുന്നോട്ടോടുന്നു.
-cut to-
സീൻ 6B - വീട്(INT/DAY)
താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുന്ന ആൺകുട്ടി.
അവന്റെ മുഖത്ത് ഭയം തെളിയുന്നു.
ദൃശ്യത്തിൽ ഓവർ ലാപ് ചെയ്യുന്ന ശബ്ദം.
പ്രിയ(vo)
അന്തരീക്ഷത്തിൽ വൈറസ് ഉണ്ട്..അത് നിന്നെ കടിക്കും.. പുറത്ത് കള്ളന്മാരുണ്ട്.
മനു(vo)
പുറത്തിറങ്ങിയ പോലീസ് പിടിക്കും..
ആൺകുട്ടി കണ്ണടച്ച ശേഷം ശ്വാസം വലിക്കുന്നു. അവൻ രണ്ടുംകൽപ്പിച്ച് വാതിൽ തുറക്കുന്നു.
-cut to exterior-
സീൻ 6C - വീട്(EXT/DAY)
തെളിഞ്ഞ അന്തരീക്ഷം. കിളികളുടെ മർമ്മരങ്ങൾ കേൾക്കാം.
അവൻ പതിയെ കണ്ണു തുറക്കുന്നു.
അവന്റെ മുഖത്ത് സന്തോഷം വിടരുന്നു. അവൻ ശ്വാസം വലിച്ചു കൊണ്ട്, പ്രകൃതി ആസ്വദിക്കുന്നു.
അവൻ ആവേശത്തോടെ ഗേറ്റിന്റെ അരികിലേക്ക് ഓടുന്നു.
-cut to-
സീൻ 7 - outdoor (EXT/DAY)
ഗേറ്റ് അടച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്ന ആൺകുട്ടി.
അവന്റെ നേർക്ക് മാസ്ക് ധരിച്ച, ഒരാൾ നടന്നുവരുന്നു.
അയാളെ കണ്ടവൻ പതറുന്നു.
ആൺകുട്ടി (ആത്മഗതം)
ഇതാണോ, അമ്മ പറഞ്ഞ കള്ളൻ!
മാസ്ക് ധരിച്ച് ആൾ, ഒന്ന് നിന്നുകൊണ്ട് അവനെ നോക്കുന്നു.
അയാളുടെ പോയിൻറ് ഓഫ് വ്യൂവിൽ താനെ കണ്ടു പേടിച്ചു നിൽക്കുന്ന ഒരു വൃദ്ധയാണ് അയാൾ കാണുന്നത്.
അയാൾ വൃദ്ധന്റെ അരികിലേക്ക് നീങ്ങുന്നു.വൃദ്ധൻ തിരിഞ്ഞോടാൻ ശ്രമിക്കുന്നു.
റോഡിലുള്ള ഒരു കല്ല് തട്ടി കൊണ്ട് വൃദ്ധൻ വീഴുന്നു.
-cut to-
സീൻ 7A - outdoor(EXT/DAY)
വൃദ്ധനെ എഴുന്നേൽപ്പിക്കുന്ന, മാസ്ക് ധരിച്ചയാൾ.
സുനി
വേണു ഏട്ടാ, ഇങ്ങൾക്ക് എന്നെ മനസ്സിലായില്ലേ?
അയാൾ മാസ്ക് താഴ്ത്തുന്നു.
യുവാവ് (അയാളെ സൂക്ഷ്മമായി നോക്കികൊണ്ട്)
ശശി!
അയാൾ അല്ല എന്ന രീതിയിൽ തലയാട്ടുന്നു.
യുവാവ്
ഷാജി..സുകു..സുരേഷ്
സുനി
ഇത് ഞാനാണെ, സുനി
യുവാവ്
ആ സുണ്ണി കുട്ടൻ
സുനി (ഇളിഭ്യ ചിരിയോടെ)
ഇങ്ങൾക്ക് എന്തെലും പറ്റിയോ?
യുവാവ് കൈ തട്ടിക്കൊണ്ട് ഇല്ലെന്ന ശബ്ദം പുറപ്പെടുവിക്കുന്നു.
സുനി
എന്നാ വാ..ഞാൻ വീട്ടിൽ കൊണ്ടാക്കാ
യുവാവ് (രൂക്ഷമായി കൊണ്ട്)
അടിച്ചെന്റെ കണ്ണ് ഞാൻ പൊട്ടിക്കും
സുനി (അന്ധാളിപ്പോടെ)
പിന്ന..ഇങ്ങൾക്ക് എവിടാ പോണ്ടേ?
-cross cut-
സീൻ 8 - പ്രിയയുടെ മുറി(INT/DAY)
ഫോണിൽ സംസാരിക്കുന്ന പ്രിയ
പ്രിയ(രൂക്ഷമായി കൊണ്ട്)
എടാ പൊട്ടാ, അയാള് എങ്ങോട്ടാ പോയെന്ന് എനിക്കറയോ.
മനു(vo)
പ്രിയേ. നീ ആദ്യമൊന്ന് സമാധാനിക്ക്.
പ്രിയ (രൂക്ഷമായി കൊണ്ട്)
ഞാനെങ്ങന സമാധാനിക്കാനാ. ഇതൊരുമാതിരി, അന്യൻ പടം കാണുന്നത് പോലെയാ. ഓരോ സമയവും ഓരോ കഥാപാത്രം ആയിട്ടാണ് അയാള് വരുന്നത്. ഇന്നലെ, ഞാൻ നിങ്ങള തള്ള, മേരിയാണെന്ന് കര്തി, അയാളെന്നെ കെട്ടിപ്പിടിച്ച്. ഒര് വിധത്തിലാണ് ഞാൻ രക്ഷപ്പെട്ടത്
മനു(vo)
ഇന്നൊര് ദിവസം കൂടി സഹിക്ക്. നാളെ നമുക്ക് തീരുമാനാക്കാം
പ്രിയ
തീരുമാനാക്കാൻ ഒന്നുല്ല. ഒന്നെങ്കിൽ അയാളെ ഭ്രാന്താശുപത്രിയിൽ ആക്കാ, അല്ലെങ്കിൽ നിങ്ങളെ പെങ്ങള് ചെയ്തപോലെ, ഗ്യാരേജിൽ അടച്ചിട്ട്, പുറത്ത് യുദ്ധം നടക്കാണെന്ന് പറയാ. ആ ഭ്രാന്തനത് വിശ്വസിച്ചോളൂം
മനു(vo)
നീയൊന്ന് ക്ഷമിക്കി, ഇതിപ്പോ ഇങ്ങനെയൊരു സിറ്റുവേഷൻ ആയിപ്പോയില്ലേ
പ്രിയ(രൂക്ഷമായി കൊണ്ട്)
അയാളെ നാട്ടിലേക്ക് കൊണ്ടുവന്നത് തന്നെ അബദ്ധമായി പോയി. അവിടെത്തന്നെ നിർത്തിയാൽ മതിയായിരുന്നു
മനു(vo)
എന്ത് ചെയ്യാനാ അവൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ. (നിർത്തിക്കൊണ്ട്) ഒരു കാര്യം ചെയ്യാം. ഞാനിപ്പോ അങ്ങോട്ട് വരാ
പ്രിയ
ഇന്നാ, ഒന്ന് വേഗം വന്ന് തൊലക്കി
മനു(vo)
ok. love u
പ്രിയ (രൂക്ഷമായി കൊണ്ട്)
പോടാ..
-cut to-
സീൻ 9 - ബീച്ച്(EXT/DAY)
കരയിലേക്ക് അടിക്കുന്ന തിരമാല.
മനോഹാരിത നിറഞ്ഞൊരു ബീച്ചിൽ ഇരിക്കുന്ന യുവാവ്, ആൺകുട്ടി, മധ്യവയസ്കൻ.
യുവാവ്
സുനി..(ഓർത്തുകൊണ്ട്) സുനി. സംഭവം ഇല്ലേ മെമ്മറി ലോസാ
ആൺകുട്ടി( ഓർത്തുകൊണ്ട്)
പാടത്ത് കളിക്കാൻ പോവ്ന്നത് ഓർമ്മയ്ണ്ട്..ആ പിന്ന മഴനനഞ്ഞ് ഉസ്കൂളിൽ പോവാനും . ഈ ഉസ്കൂളിലെ കഞ്ഞിക്ക് ഒരു പ്രത്യേക രസാ..
മധ്യവയസ്കൻ
ആ..ഉസ്കൂളെന്ന് പറഞ്ഞപാ…എന്റെ മോനില്ലേ…മനു. അവൻ പുറത്ത് പഠിക്കാൻ പോയതാ. അവൻ പഠിച്ചൊരു നിലയിൽ എത്തിയിട്ട് വേണം, എനിക്കൊന്നു വിശ്രമിക്കാം
-cross cut-
സീൻ 10 - പ്രിയയുടെ മുറി (INT/DAY)
മുറിയിലിരിക്കുന്ന മനു.
മനു (ചിന്തിച്ചുകൊണ്ട്)
നമുക്ക് എന്തായാലും ഇത് പോലീസിനോട് പറയ.
അവന്റെ മുന്നിൽ നിൽക്കുന്ന പ്രിയ.
പ്രിയ
എന്തിന്?
മനു
അല്ല..മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യാം. അവരോട് വലിയ രീതിയിൽ അന്വേഷിക്കേണ്ടാന്ന് പറഞ്ഞാ പോരെ.
പ്രിയയുടെ റിയാക്ഷൻ.
-cross cut-
സീൻ 9A - ബീച്ച്(EXT/DAY)
മധ്യവയസ്കൻ
വേണ്ട..ഈ ഒളിച്ചോട്ടം എന്ന് പറഞ്ഞാ, റിസ്ക് ഇള്ള പരിപാടിയാ
യുവാവ്
എന്തായാലും വീട്ട്ക്കാര് സമ്മതിക്കൂല്ല. ഒളിച്ചോട്ടം അല്ലാതെ മറ്റൊരു ഓപ്ഷനില്ല
മധ്യവയസ്കൻ
അപ്പോ നിന്റെ വീട്ടുകാരെ ആര് നോക്കും?
-cross cut-
സീൻ 10A - പ്രിയയുടെ മുറി(INT/DAY)
പ്രിയ
നിങ്ങള തന്ത ഒളിച്ചോടിയതുകൊണ്ട് സുഖാ
മനു
അതെന്താ?
പ്രിയ
കുടുംബക്കാർ അന്വേഷിച്ചു വരില്ലല്ലോ. പിന്നെ അയാക്ക് ഭ്രാന്തായത് കൊണ്ട്…ഭ്രാന്ത് മൂത്തപ്പോ, അയാള് വീട്ടിൽ നിന്നിറങ്ങി പോയതാണെന്ന്, നമുക്ക് പറയാം
മനു (ചിന്തിച്ചുകൊണ്ട്)
അങ്ങനെയാണെങ്കില്, നമ്മൾ ഇപ്പോ ഒന്നും ചെയ്യേണ്ടല്ലേ
പ്രിയ
വേണ്ട
മനു
ഇനി അച്ഛൻ തിരിച്ച് വന്നാലോ?
പ്രിയ (രൂക്ഷമായി കൊണ്ട്)
അയാളെ ഞാൻ കൊല്ലും
മനുവിന്റെ ഫോൺ റിംഗ് ചെയ്യുന്നു.
മനു(ഫോണിൽ)
..എവിടെ..ആ..ഞാൻ പോയി നോക്കാം
അവൻ ഫോൺ കട്ട് ചെയ്യുന്നു.
മനു (മുഖം ചുളുക്കികൊണ്ട്)
അച്ഛൻ ബീച്ചിലുണ്ട്
പ്രിയ (രൂക്ഷമായി കൊണ്ട്)
ഇയാളെന്തിനാ ബീച്ചില് പോയത്
മനു
ബീച്ച് കാണാനായിക്കും.
പ്രിയ (രൂക്ഷമായി കൊണ്ട്)
ഇയാളെന്താ ബീച്ച് കണ്ടില്ലേ?
മനു (പതറി കൊണ്ട്)
അതല്ല..
പ്രിയ (രൂക്ഷമായി കൊണ്ട്)
ഏതല്ലാന്ന്?
മനു തലതാഴ്ത്തുന്നു.
പ്രിയ (തുടരുന്നു)
അല്ല..അയാക്ക് വിട എന്തിന്റെ കുറവായിരുന്നു ഉള്ളത്
-cross cut-
സീൻ 9B - ബീച്ച്(EXT/DAY)
വേണു
ഫ്രീഡം..
തിരമാലകൾ കരയ്ക്കടിക്കുന്നു.
വേണു
ഈ ഫ്രീഡം എന്ന് പറയുന്നത് ഒരു സംഭവാ. ഇങ്ങനെ ഫ്രീയായിട്ട് നടക്കുന്നതൊര് സുഖല്ലേ
വേണു തല തിരിച്ചുകൊണ്ട്, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടത്തിലേക്ക് നോക്കുന്നു.
വേണുവിനെ, ആശ്ചര്യത്തോടെ നോക്കിനിൽക്കുന്ന സുനി. അയാളുടെ കയ്യിൽ ഒരു കുപ്പി വെള്ളമുണ്ട.
വേണു
ഉത്തരവാദിത്വം കൂടുമ്പോ, ഈ ഫ്രീഡം ഇങ്ങന കുറയും
സുനിയുടെ റിയാക്ഷൻ.
അവരിൽ നിന്നും സൂം ഔട്ടാവുന്നു (heli cam).
വേണു
അവസാനം, ഈ ഫ്രീഡം കുറഞ്ഞ് കുറഞ്ഞ്, നമ്മളങ്ങ് ഇല്ലാണ്ടാവും
ബീച്ചിന്റെ പ്രകൃതിഭംഗി നിറഞ്ഞ, ആകാശ ദൃശ്യം.
-The £nd-
By Abhijith Kumar V R

Comments