സസ്യപ്രതിജ്ഞ
- Hashtag Kalakar
- 2 hours ago
- 1 min read
By Deepa Santosh
ആരോ പാകിയ ബീജത്തിന്
നീരുറവയേകി മറ്റാരോ....
അരുണരശ്മികൾ അകമ്പടിയേകി
തുടിച്ചുയർന്നു ജീവസ്ഫുരണം...
ഉയിരു വന്നു തളിരു വന്നു
സസ്യശ്രേണിയിൽ ബാല്യം...
ദളപുടങ്ങളാൽ മേനിയഴകേകി
ഹരിതനിർഭരമായ് കൗമാരം...
പരാഗണത്താൽ പുഷ്പിണിയായ്
ഋതുമതിയായ് യൗവനം...
പതംഗങ്ങൾക്കും ശലഭങ്ങൾക്കും
സംരക്ഷകയായ് മാതൃത്വം...
ജീവവായുവും തണലുമേകി
പടുവൃക്ഷമായ് വാർദ്ധക്യം...
എല്ലാം ഞൊടിയിടയിൽ തച്ചുടയ്ക്കാൻ
തൻ ജീവവായു നുകരും മഹത്സൃഷ്ടി... "മാനിഷാദ" "മാനിഷാദ"....
മിഴി തുറക്കൂ... മഴു തടുക്കൂ...
മിഴിവാർന്ന മഴയ്ക്കായ്....
ഓർത്തുകൊള്ളൂ ഓരോ മിടിപ്പിലും
ആസന്നമാകുമാ നഗ്നസത്യം…
"ഓ... ഓ..." എന്നോതിയിരുന്നാൽ
ഓടിയെത്തില്ല ഓക്സിജൻ...
മാളുകളും അംബരചുംബികളും
ഇറ്റിറ്റു നൽകില്ല ദാഹശമനികൾ...
കുടുംബത്തിനു സർവമായ്
സർവംസഹയായ് തായയെന്നപോൽ
പ്രപഞ്ചത്തിനു ജനയിത്രിയായ്....
ശ്വാസകോശത്തിൻ സ്പന്ദനമായ്....
"" രക്ഷകയായെന്നുമുണ്ടായിടും.... ശിക്ഷവിധിയ്ക്കില്ലൊരിക്കലും"....
ഇത് തീവ്രവ്യധയോടെ മമപ്രതിജ്ഞ....
By Deepa Santosh

Comments