പാവക്കൂത്ത്
By Tulasi Chembakam
ചമയങ്ങൾ ചന്തമായണിഞ്ഞ്
ചരടുവലിക്കൊത്ത്
ശീലയൊന്നിനെ മറയാക്കി ,
ശോഭയെഴുന്നൊരു ചിരാതിന്റെ
പൊൻ തിരിയുടെ വെട്ടത്തിൽ,
നിഴലിൽ നിന്നാടും, പാവകൾ
ആടിടും നടന വൈഭവമിത്.
കൽപ്പിത കാര്യങ്ങളൊക്കെയും
കർണ്ണാമൃതമാക്കുന്നൊരാ -
നിഴൽ കൂത്തതിൽ പാവകൾ
തുച്ഛം സുന്ദരക്കോലങ്ങളായ്
മാത്രം മിന്നിമറയുന്നു.
ഞാനുമിന്നാടിടുന്നൊരു -
"പാവക്കൂത്ത് "
സത്യമെന്തെന്നറിയാതെ,
യവനികയ്ക്കുള്ളിലെ
നിരാലംബയായ് ,ഏതോ
അംഗുലീയ താളത്തിൽ
നിലയറിയാതെ, കഥയറിയാതെ
കാണുന്നോർക്കൊരു കളിപ്പാട്ടമായ് ,വിറയാർന്ന നാളത്തിൻ
പാതി തെളിഞ്ഞൊരു നിഴലിൽ
നിറഞ്ഞാടുന്നു ഞാൻ .
🏵️🏵️🏵️🏵️🏵️🏵️🏵️
തുളസി ചെമ്പകം
By Tulasi Chembakam

Comments