പ്രണയനിലാമഴയിൽ
By Noorjahan Basheer
പ്രണയമെന്നിലൊരു
നിലാമഴയായ്
പെയ്തൊരാനാളിൽ
നിൻ തൂമന്ദഹാസം
പൊഴിക്കും സുന്ദരവദനം മാത്രമായിരുന്നു
എൻമാനസത്തിലെന്നും.
മധുരമൂറുമാമൊഴികളെന്നു-
മെന്നിലൊരു കുളിർമഴയായ് പെയ്തിറങ്ങി.
എൻകനവിലും, നിനവിലും
പ്രിയേനീയൊരുവർണ്ണ
ശലഭമായന്ന്പാറിപ്പറന്നിരുന്നു.
സ്വർണ്ണക്കൊലുസുകൾ
ചിലമ്പൊലിനാദം പൊഴിക്കുമ്പോൾ
പ്രണയിനി നിൻപാദ- പദനങ്ങൾക്കായെന്നും
ഞാൻ കാതോർത്തിരുന്നു.
നിലാവ് പെയ്തിറങ്ങുന്ന
രാവിൻ നിശീധത്തിൽ
ആമ്പൽകുളക്കല്പടവിൽ പാലപ്പൂമണമൊഴുകിയെത്തിയൊരാ-
യിളംതെന്നലിൽ കഥയിലെ
രാജകുമാരനും, കുമാരിയുമായ്
നമ്മൾ സ്വയംമറന്നിരുന്നിരുന്നു.
കാലങ്ങെളെത്ര കൊഴിഞ്ഞുപോയീടിലും
ഓർമ്മതൻ ആഴക്കടലിലെ മണിചെപ്പിലിന്നുമൊരു
മാണിക്യമുത്തായ് തിളങ്ങീടും
ഗൃഹാതുരമാമോർമ്മകൾ.
By Noorjahan Basheer

Comments