നീളുന്ന കാത്തിരിപ്പ്
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
ഊണും ഉറക്കവുമില്ലാതെ ഓടുകയാണ് കൃഷ്ണൻ. ഇണയും തുണയും നഷ്ടപ്പെട്ടത്തിന്റെ വേദന കടിച്ചമർത്തി അയാൾ ഓരോ ഓഫീസും കയറിയിറങ്ങി.
ഭാര്യക്കും മക്കൾക്കും പകരമാവില്ലെങ്കിലും വല്ല സഹായവും കിട്ടിയാൽ എവിടെയെങ്കിലുമൊന്ന് തലചായ്ക്കാമായിരുന്നു...
അതിന് ഓഫീസിലെ ഉദ്യോഗസ്ഥന് നേരം പുലരണ്ടേ? അന്ന് മാത്രമേ ഇനി കൃഷ്ണന്റെ പ്രഭാതസൂര്യനും ഉദിക്കുകയുള്ളൂ എന്നയാൾ വിശ്വസിച്ചു.
അയാൾ ഇത്തിരിനേരം ചിന്തകളുടെ ഒക്കല്ലിറങ്ങി നടന്നു...
ഇനിയൊരിക്കലും കണ്ണുകൾ തുറക്കാനാവില്ലെന്നറിയാതെ കൈകൾ കോർത്തുപിടിച്ച് അമ്മയും മകളും സംസാരിക്കുകയായിരുന്നു...
" അമ്മേ... ഇതെന്താ രാവിലെ ആവാത്തത്? " ഉറങ്ങിക്ഷീണിച്ച അമ്മുമോൾക്ക് പുലരിയെ ഒന്നു പുൽകാൻ മോഹമായിരുന്നു..
അമ്മ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു : " മോളേ.. അച്ഛൻ ഇതുവരെ ജോലി കഴിഞ്ഞ് എത്തിയില്ലല്ലോ? "
" അച്ഛനെന്താ വരാത്തത്... എനിക്ക് ഉറങ്ങി മടുത്തു" ജീവിതകാലം മുഴുവൻ ഉറങ്ങിയാലും നിന്റെ ഉറക്കം തീരില്ല എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു...
പക്ഷേ, ഇന്നവൾക്ക് മടുത്തിരിക്കുന്നു...
" അമ്മേ.. എന്താ ഇത്ര ഇരുട്ട്... കറുത്തവാവാണോ അമ്മേ ഇന്ന്..? "
" അറിയില്ല മോളേ... അയലത്തെ ഹമീദ്ക്കയുടെ വീട്ടിലും വെളിച്ചം കത്തുന്നില്ലല്ലോ? "
തലഭാഗം അടർന്നുവീണ മലയുടെ തലച്ചോറ് കലങ്ങി ഒഴുകി, ഗർഭം പേറിയ ഉദരത്തിലൊട്ടിപ്പിടിച്ച മൺകൂനകൾക്കുള്ളിൽ കൂരാകൂരിരുട്ടിൽ ലക്ഷ്മിയും അമ്മുവും ദിവവരനെയും കാത്തിരിക്കുകയായിരുന്നു...
× × × ×
ഇതൊന്ന് ഓഫീസുദ്യോഗസ്ഥൻ കേട്ടിരുന്നെങ്കിൽ... കൃഷ്ണൻ ആഗ്രഹിച്ചു.
ഹൃദയത്തിന്റെ അവസാനത്തെ ഒക്കല്ലിൽ തളർന്നിരുന്ന് കൃഷ്ണൻ ഒന്ന് മയങ്ങി... മൂന്ന് പ്രഭാതങ്ങൾ ഒന്നിച്ചുദിക്കണേ എന്ന പ്രാർത്ഥനയോടെ...
By Murshitha K

Comments