കുറിച്ചുവെച്ച ആഗ്രഹങ്ങൾ
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
ലേബർ റൂമിന്റെ മുന്നിൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു. നഴ്സ് പുറത്ത് വന്നു. അപ്പോഴേക്കും ഉമ്മ ചോദിച്ചു : " ആൺകുട്ടിയല്ലേ? ". മുഖത്തുണ്ടായിരുന്ന പുഞ്ചിരി മായാതെ നഴ്സ് പറഞ്ഞു..
" പെൺകുഞ്ഞാണ് " അത് കേട്ടതും കാത്തിരുന്നവരുടെ മുഖത്ത് കാർമേഘം മൂടി.
എല്ലാവരെക്കാളും മനമുരുകി പ്രാർത്ഥിച്ച പതിനൊന്നാം ക്ലാസുകാരിയായ സോന വെെകിട്ട് വീട്ടിലെത്തുമ്പോൾ തനിക്കൊരു അനിയത്തിക്കുട്ടി ഉണ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷിക്കാൻ പാടുപെട്ടു.
വീട്ടിൽ ഒറ്റക്കിരുന്ന് അവളെല്ലാം ഓർത്തു.... അമ്മ പറഞ്ഞത്... മൂന്നാമതും പെണ്ണായാൽ നിന്നെ പഠിപ്പിക്കാൻ ബുദ്ധിമുട്ടാകും.... അന്നത് കേട്ടത് മുതൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു, ഒരു ആൺകുഞ്ഞാവണേ എന്ന്..പക്ഷെ,ഇപ്പൊ...
അന്ന് മുതൽ മെഡിക്കൽ എന്ന തന്റെ നെയ്തുവെച്ച സ്വപ്നങ്ങളെ അവൾ മാറ്റിവെച്ചു. എന്നാലും പഠിക്കുന്നത് നന്നായി തന്നെ പഠിച്ചു.
പ്ലസ് ടു കഴിഞ്ഞിറങ്ങുമ്പോൾ ഓട്ടോഗ്രാഫിൽ കൂടെ പഠിച്ച ആൺകുട്ടികളും എഴുതി... 'ബില്ല് ഇല്ലാത്ത ബിരിയാണിക്ക് വകയുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്...' എന്ന്. തനിക്ക് പറയപ്പെട്ടതല്ല വിദ്യാഭ്യാസം എന്നവൾ വിശ്വസിച്ചു.
ഒരു ബാധ്യതയായി വീട്ടിൽ തങ്ങേണ്ട എന്ന് കരുതി വിവാഹത്തിന് സമ്മതം മൂളി. നല്ല ജീവിതം തന്നെയായിരുന്നു അവളെ കാത്തിരുന്നത്.
വർഷങ്ങൾക്ക് ശേഷം, സ്കൂളിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. അവളും എത്തി ഓർമ്മകൾ പുതുക്കാൻ..
ഓരോരുത്തരും അവരവരുടെ ഉദ്യോഗത്തെ കുറിച്ച് സംസാരിച്ചു. നല്ല ജോലി നേടിയവരും അവിടെ ഇവിടെ കയറിപ്പറ്റി ജോലി ചെയ്യുന്നവരും ഉപരിപഠനം നടത്തുന്നവരും .... അങ്ങനെ കുറെ പേർ... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു...
അവളും പങ്കുവെയ്ക്കാൻ എഴുന്നേറ്റു.. " ഞാൻ ഡോ. സോന സിഫിൻ. വിധി എന്നെ മെഡിക്കൽ എടുത്ത് ഡോക്ടർ ആകാൻ അനുവദിച്ചില്ല... ഡോക്ടർ എന്ന വിലാസം എന്റെ പേരിനു മുന്നിൽ ചേർക്കണം എന്നത് എൻ്റെ നിർബന്ധമായിരുന്നു... പിന്നെ താലി ചാർത്തിയ ഭർത്താവിന്റെയും.. ഇപ്പോൾ പി. എച്ച് .ഡി എടുത്ത് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി...കോളേജിൽ പഠിപ്പിക്കുന്നു... "
By Murshitha K

Comments