കുത്തിവീഴ്ത്തപ്പെട്ട മൂല്യം
- Hashtag Kalakar
- May 5, 2023
- 1 min read
By Murshitha K
എന്നും അവൾ വൈകിയാണ് വീട്ടിൽ എത്താറുള്ളത്, ഏകദേശം അർദ്ധരാത്രിയോടടുക്കും. തെരുവുജീവിതത്തിൽനിന്ന് കൈപിടിച്ച് നല്ല ദിനങ്ങൾ സമ്മാനിച്ച അവളുടെ ഭര്‍ത്താവ് ഒരു വർഷമേ അവളുടെ കൂടെ ജീവിച്ചിട്ടൊള്ളു ; കാൻസർരോഗം അവർക്കിടയിൽ വില്ലനാവുകയായിരുന്നു. പിന്നീട് അവൾ തനിച്ചാണ് ജീവിതം തള്ളിനീക്കിയത്.
അയൽക്കാരും നാട്ടുകാരും അവളെ ശ്രദ്ധിക്കാറുണ്ടെങ്കിലും ഒരു തെണ്ടിപ്പെണ്ണിനോട് വിവരാന്വേഷണം നടത്താൻ ആരും മുതിരാറില്ല.
അന്നാണ് നാട്ടിലെ ഒരാൾ അത് കണ്ടത്, അയാൾ കണ്ടവരോടൊക്കെ പറഞ്ഞു : " ആ ചെറ്റക്കുടിലിലെ പെണ്ണില്ലേ സുമതി, അവൾ തീരെ ശരിയല്ല... " തുടർന്നുള്ള സംഭാഷണങ്ങൾക്ക് വേണ്ടി അയാൾ അങ്ങനെ പറഞ്ഞുതുടങ്ങി.
നാട് മുഴുവൻ അവളെ വൃത്തികെട്ടവളായി കണ്ടു. അറിഞ്ഞവരെല്ലാം അവൾ വരുന്ന സമയത്ത് കൃതൃസ്ഥലത്ത് കാണാനായി പതുങ്ങിനിന്ന് കണ്ടു.
അതെ! ശരിയാണ്, അവളെ എന്നും ഒരാൾ കാറിൽ കൊണ്ടുവന്ന് അവിടെ ഇറക്കുന്നു!!
കിംവദന്തികളും ഉയര്‍ന്നു : "വരുന്ന സമയം നോക്കണേ..."
നാട്ടിലെ അത്യാവശ്യം വീര്യം വന്നവർ ഒരുമിച്ചു.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ അന്നും അവിടെ വന്നിറങ്ങി. കുടിലിലേക്കുള്ള നടവഴിലിലൂടെ നടക്കുമ്പോൾ പെട്ടന്നതാ ചില വാൾമുനകൾ അവളെ കുത്തിവീഴ്ത്തി.
ഇടയിൽ, അവർ പറയുന്നത് അവൾ കേട്ടു... " ഇവിടെ ഞങ്ങളുടെ നാട്ടിൽ ജീവിക്കാൻ അനുവദിച്ചിട്ട് നാടിന് ചീത്തപ്പേരുണ്ടാക്കാൻ വന്നിരിക്കുന്നു ഒരുത്തി..."
പിന്നീടൊന്നും അവൾ അറിഞ്ഞില്ല.
രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം...
" മിസ്സ് സുമതി..." എന്ന വിളി കേട്ടാണ് അവൾ മെല്ലെ കണ്ണുതുറന്നത്. കുറച്ചു വനിതാപൊലീസുമാർ... അവർ അവളെ കേൾക്കാനിരിക്കുകയാണെന്നറിഞ്ഞ് അവൾ മെല്ലെ ചുണ്ടുകളനക്കി...
" എന്റെ കുഞ്ഞുങ്ങൾ എന്നെ കാത്തിരിക്കുകയാവും, എനിക്കവരെ കാണണം."
മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ ഒന്നു ഞെട്ടി; നാട്ടുകാർ തന്ന മൊഴി ശരി തന്നെയാണോ..?
അവർ അവളോട് കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചു.
അവൾ പറഞ്ഞു : " ജീവിതത്തിന്റെ അതിര് നിശ്ചയിച്ച് മരണത്തെ കാത്തിരിക്കുന്ന അൻപതോളം വരുന്ന കാൻസർ സെന്ററിലെ എന്റെ പൊന്നുമക്കളുടെ ചിരി ഒരിക്കൽകൂടി എനിക്ക് കാണണം... വീട്ടുപടിക്കൽ എന്നും ഇറക്കിത്തന്ന ഡോക്ടറെ നന്ദി അറിയിക്കണം... ആ പൊന്നുമക്കളെ...." അവിടെ മുറിഞ്ഞുപോയി ആ വാക്കുകൾ..
പിന്നീടൊരിക്കലും അവൾ ഈ മുഷിഞ്ഞ വായുവിനെ ആ കറുത്ത തൊലിക്കുള്ളിലെ പവിത്രമായ ഹൃദയത്തിലേക്ക് കടത്തിവിട്ടിട്ടില്ല; അതിലെ തിളക്കം മങ്ങാതിരിക്കാൻ!
By Murshitha K

Comments