കീടാണു
By Tulasi Chembakam
ബ്രഹ്മാണ്ഡമതിനെയൊന്നാകെ
കടഞ്ഞെടുത്തൊരു വെണ്ണ കണക്കെ
ഉള്ളം കയ്യിൽ പന്താടും
തമ്പുരാനിന്നൊരേട് അങ്ങ്
തുറന്നിട്ടു.
പരമാണുവിനോളം ചെറുതായ മാനവാ
നിന്റെ ബോധത്തിലേയ്ക്കായ്,
ഭൂലോകമെന്ന ഒരു കനി ഞാൻ
തന്നിരുന്നു നിനക്കായ്,
അളവറ്റ നിധിയും അതിരറ്റ വിഭവങ്ങളുമായ്,
ഒരു തുണ്ട് സ്വർഗ്ഗം നീയതിൽ
തീർക്കുമെന്ന വ്യാമോഹമോടെ .
ജീവന്റെ ആദ്യ തുടിപ്പിൽ വെറും
കണമായ നീയൊരു കടലായി
വളരുന്നതറിയുന്നു ഞാൻ ഇന്ന് .
ആഴിയും ആകാശവും പകുത്ത് നീ
പിന്നെയും മതിവരാതെ പെറ്റിട്ട -
നിണത്തിന്റെ വകഭേദം തേടി
വെട്ടിപകുക്കുന്നു സ്വന്തം
ഗണത്തെപ്പോലും നിർലജ്ജം .
സംഹാരമാടി ഹനിക്കുന്നു കാല-
പുരുഷന്റെ പാതിയാം പ്രകൃതിയെപ്പോലും .
കൃമിയെന്നോ കീടമെന്നോ
നീ നിനക്കും ഒരണുവിനെ തീർത്തു -
നിന്നെ വാർത്തൊരാ അച്ചിൽതന്നെ,
കടുകിട തെന്നിമാറാതെ നിർത്തുവാൻ
മതിയൊരാ യുധം എനിക്കിതുപ്പോൽ .
എന്നിട്ടും
തിരിച്ചറിവിന്റെ തിരിതെളിച്ചു
നിൽക്കുന്നു ഞാൻ , അന്ധകാരം
വിഴുങ്ങിയ നിലാവിനെ തേടാനെന്നപ്പോൽ
ഒടുവിലത്തെ അദ്ധ്യായം വരികൾ -
ഏതുമില്ലാതെ ഒരു മേഘ കീറു പ്പോലെ
കാത്തുവെയ്ക്കുന്നു ,
വെൺമയുടെ ഈ താളിൽ
നന്മയുടെ ഒരു വസന്തം നിന്നാൽ
പൂത്തുലയുമെന്ന പ്രത്യാശയോടെ .
അഴിഞ്ഞുലഞ്ഞതിനെയെല്ലാം
അണിയിച്ചൊരുക്കിയെടുക്കാൻ ,
യുഗാന്തരങ്ങളായ് പൊരുതി -
നേടിയവൾക്കിത് , 'പൃഥക്ക്'
തമ്പുരാൻ കല്പിച്ച സുമൂഹൂർത്തം .
By Tulasi Chembakam

Comments