ഇരുകാലികൾ
ചില നേരങ്ങളിൽ,
വീടിൻ്റെ ഉമ്മറക്കോലയിൽ
തനിച്ചിരിക്കുമ്പോൾ
'നായ്ക്കളുണ്ട് സൂക്ഷിക്കുക'യെന്ന്
എഴുതിത്തൂക്കിയിട്ടിരിക്കുന്ന
ബോർഡ് മറികടന്ന്
അപരിചിതരിൽ ചിലർ
പതുക്കെപ്പതുക്കെ അകത്തേക്ക് കയറിവരും.
പൊടുന്നനെ,
അന്തരീക്ഷത്തെ പ്രകമ്പനങ്ങളിലാഴ്ത്തി
നായ്ക്കൾ അത്രമേൽ രൂക്ഷമായി കുരക്കും.
ഉച്ചയുറക്കം മുറിഞ്ഞ് മരങ്ങളും കിളികളും 'ഏതവനാടേ?' എന്ന് എത്തിനോക്കും.
അരുത്,
ശബ്ദിക്കരുതെന്ന നിർദേശമെറിയുന്നതിന് മുൻപേ അവനെയൊന്ന് സൂക്ഷ്മമായി നോക്കൂ.
ഒരേസമയം കുരച്ചും വാലാട്ടിയും
ഇരുവള്ളത്തിലിരുന്ന്
ഏത് വൻകരയിലേക്കാണ് അവൻ
തുഴയെറിയുന്നത് ?
സത്യമിതാണ്,
മനുഷ്യരെ തൊട്ടു തൊട്ടുനടന്ന്
നായ്ക്കളും നായ്ക്കളല്ലാതായി-
ത്തീർന്നിരിക്കുന്നു.
ഭാഗ്യം!
കൊറോണ വന്ന് മുഖം മറഞ്ഞത്
അല്ലെങ്കിൽ പിന്നെ കുറച്ചുനാൾകൊണ്ടവൻ
നമ്മുടെ കള്ളച്ചിരികൾ കൂടി വശത്താക്കിയേനെ.
- ജിബു കൊച്ചുചിറ

Comments