ഇടവപ്പാതി
- Hashtag Kalakar
- Dec 11, 2025
- 1 min read
By Noorjahan Basheer
മാനംനിറയെ നിറഞ്ഞു
നിന്നൊരാ കരിമുകിൽ
കണ്ടു മയിലുകളാനന്ദ
നൃത്തമാടി.
ചിന്നിത്തെറിയ്ക്കും
നറുമുത്തുപോലെ
നീളുന്ന വെള്ളിത്തെളിനൂലുപോലെ
മണ്ണിൻ മാറിലേക്ക്
മെല്ലെ പെയ്തിറങ്ങി.
ധരണിയുടെയുള്ളം കുളിർത്തു
പുതുമണ്ണിൻ ഗന്ധമെങ്ങും പരന്നു.
മഴത്തുള്ളികൾ സംഗീത ധാരയായെന്നിലും
ആത്മഹർഷമായ്
പെയ്തിറങ്ങി.
ചാറ്റൽ മഴയായ്
വന്നുപിന്നെ പെരുമഴയായ്
തുള്ളിക്കൊരുകുടം വെള്ളവുമായ്
മുറ്റം നിറയെ മഴയുമെത്തി.
ഇടവപ്പാതിയിലിടമുറിയാതെ പെയ്തിടുന്നൊരാ
പേമാരിക്കൊപ്പമായ്
മേഘഗർജ്ജനവുമിടയ്ക്കിടെ
മിന്നലിൻ തേരോട്ടവും.
മണ്ണിന്നടിയിൽ നിദ്രയിലാണ്ടൊരാ മുളയ്ക്കാത്ത വിത്തുകളൊക്കെയും
മുളപൊട്ടി പുതുനാമ്പുകൾ
തലനീട്ടി പുഞ്ചിരി പൊഴിച്ചുനിന്നു.
മഴനീർ കണങ്ങളുമായ്
പുൽക്കൊടിത്തുമ്പുകൾ പുളകമോടെയിളം
കാറ്റിലാടിനിന്നു.
By Noorjahan Basheer

Comments