അക്ഷര രാജകുമാരൻ
- Hashtag Kalakar
- Apr 17, 2024
- 1 min read
Updated: Jul 19, 2025
By Suseela Jayasimhan

പൊഴിഞ്ഞു പ്രണയാക്ഷരങ്ങളെൻ
തൂലികയാം ഹൃദയമതിൽ നിന്നും
കുളിർന്നു മണ്ണും മനസ്സും
ഭാവനതൻ മഴയാൽ
നുകർന്നു മതിവരുവോളം
പച്ചിലച്ചാർത്തുകളാത്തുള്ളികൾ
കുതിർന്നു ചെറുശാഖകൾ
തലകുനിച്ചാടുമവയിലിറ്റുമാ
ചെറുതുള്ളികളതിൽ തീർത്തു
സൂര്യനും മനോജ്ഞമൊരു
മഴവില്ലഴകതുകണ്ടു വിടർന്നെൻ
ഹൃദയവുമൊരു തൂലികയായ്
കൊഴീഞ്ഞുവീണു മണിമുത്തുകളകളെൻ
തൂലികത്തുംബിൽ നിന്നുമൊരായിരം
വാക്കുകളായതുകൊണ്ട് തീർത്തു ഞാനൊരു
മധുഹാരമെന്റെ സ്വപ്നങ്ങളാൽ
ചെമ്മേയുണർന്ന്മാമക ഹൃദയവും
കുളിർന്ന പദ്മദലങ്ങൾ പോലെ
അതിലെഴുതി ഞാനെന്റെ മോഹന
സ്വപ്നങ്ങളുമതിൽ വിടരുമൊരായിരം
പ്രതീക്ഷകളും
വരവേൽക്കാനീ പുതുവർക്ഷത്തെ
സഹർഷമതുകണ്ടു തുടിച്ചു
താരക ഹൃദയവും
തിളങ്ങിയതിൻ ശോഭയാൽ
എൻതനുവും പൊതിഞ്ഞെന്നെ
ശുദ്ധമാം ചന്ദ്രികയിലാവോളം.
മനോജ്ഞമീ നിലാമഴയിൽ
മതിമറന്നു ഞാനും പറന്നു
മറ്റൊരു സ്വർണ്ണ പതംഗമായ്
കണ്ടു ഞാനൊരു സ്വപ്നമായെൻ
മനസ്സാം കണ്ണാടിയിൽ
മണിവർണ്ണത്തേരലണയുമെൻ
മായിക ഗന്ധർവ്വനെയെൻ പ്രീയനാം
അക്ഷര രാജകുമാരനെ
ഭാവനയിലൊരുക്കി ഞാനൊരു സ്വർണ്ണ
സിംഹാസനമെന്നുള്ളിലായ്
അവിടെയിരുത്തി ഞാനെൻ
ഹൃദയമതിൽവിരിഞ്ഞ പൂക്കളാൽ
അർപ്പണം ചെയ്താ പാദാരവിന്ദങ്ങളും
നിറഞ്ഞു ഭക്തിയാൽ കവിഞ്ഞു
ഹൃദയവുമെൻ മനസ്സും
പ്രാർത്ഥിയ്ക്കുന്നു ഞാനെന്നുമെപ്പോഴും
എന്നോടൊപ്പമൊപ്പമെന്നുമെൻ
അക്ഷര രാജകുമാരനുണ്ടാകുവാൻ.
By Suseela Jayasimhan

Comments