Pappiyude Onam
By Antony Alphonse
"ദിവാകരാ, എങ്ങോട്ടാണ്, നടക്കാനിറങ്ങിയത് ആണോ?"
" ഇതാര്, ദേവസ്യാച്ചനോ, ഞാൻ ആൽത്തറ വരെ പൊവ്വ, വരുന്നോ?"
" ഇല്ലെടാ, ഞാൻ പള്ളിയിൽ ഒന്നു പോവ്വാണ്."
"നീ വല്യ വിശ്വാസിയൊക്കെ അല്ലേ, എങ്കിൽ ഒന്നു പറഞ്ഞേ, നിനക്ക് എന്താണ് ദൈവം."
"ഒന്നു വിട്ടു പിടി സുഹൃത്തെ,"
" അല്ലടാ, ഞാൻ സീരിയസായിട്ട ചോദിച്ചത്.."
" എനിക് ദൈവം ഒറ്റപ്പെട്ടു പോകുന്ന നിമിഷങ്ങളിൽ ഒരാശ്രയം ആണ്. തകർന്നു പോകുന്ന നേരങ്ങളിൽ പിടിച്ചു കേറാനുള്ള വലിയൊരു പ്രത്യാശയുമൊക്കെയാണ്....."
ചങ്കത്ത് കൈ വച്ചുകൊണ്ടാണ് ദേവസ്യചൻ അത് പറഞ്ഞത്.
"ദിവകരാ, ദൈവം എന്നുപറയുന്നത് നമ്മൾ കേട്ടറിയേണ്ട ഒന്നല്ല. ഉള്ളുകൊണ്ട് അനുഭവിച്ചറിയേണ്ട ഒന്നാണ്."
ദിവാകരൻ ഒന്നും പറയാതെ മൂളുക മാത്രം ചെയ്തു.
" എടാ, നീ ഒരു കാര്യം ചെയ്യൂ. നമ്മുടെ താഴെപ്പള്ളികൂടത്തിലെ മുഹമ്മദ്മാഷിനെ ഒന്നു ചെന്നു കാണൂ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് നല്ലൊരു മനുഷ്യൻ ആണത്. ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാൾ. നിനക്ക് മാഷാണ് ബെസ്റ്റ്."
"അതൊക്കെ പിന്നെ ആവട്ടെ. എന്നാൽ ശരി പിന്നെ കാണാം."
രണ്ടുപേരും പതുക്കെ നടന്നകന്നു. ഒരൽപ്പം നടന്നിട്ട് ദേവസ്യാച്ചൻ വിളിച്ചു പറഞ്ഞു.
" അതേ നീ ഇപ്പോൾ മാഷിനെ കാണുന്നുണ്ടേൽ ആൾ കടവിലുണ്ടാകും കേട്ടൊ."
ദിവാകരൻ ഒന്നു പുഞ്ചിരിച്ചിട്ട് പഞ്ചായത്ത് റോഡിൽ നിന്നും ഇടത്തേക്കുള്ള നടപ്പാതയിലൂടെ കടവ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. പാപ്പിയുടെ ഈട്ടി തൈ വളർന്നു ഇപ്പോൾ രണ്ടാൾ പൊക്കം ആയിരുന്നു. നാലഞ്ചു വർഷം ജോലിയുമായി മണലാരണ്യത്തിൽ ആയിരുന്നത് കൊണ്ടും ഈട്ടിത്തറകടവിലെ പുതിയ സംഭവികാസങ്ങളൊന്നും വല്യകാര്യമായിട്ടു തനിക്ക് അറിവില്ല. പണ്ടെല്ലാവരും പൊട്ടൻപാപ്പി എന്നു വിളിച്ചിരുന്ന ആളിപ്പോൾ ഈട്ടിത്തറകടവിന്റെ സെലിബ്രിറ്റി ആണ്. ഈട്ടിത്തറയിലെ സ്ഥിരം അന്തേവാസിയായിരുന്ന ആശാന്റെ ഓർമ്മക്കായി ഉണങ്ങിയ ഈട്ടിത്തടി വെട്ടിമാറ്റി പുതിയ ഈട്ടിത്തൈ ഒക്കെ വച്ചു പിടിപ്പിച്ച, ഈ ഗ്രാമത്തെ മുഴുവൻ ഒരുമിച്ചു അതിന്റെ ചുവട്ടിലെത്തിച്ച ധീരൻ. ഇപ്പോൾ ഈട്ടിത്തറയുടെ അഭിമാനം. ഇതൊക്കെ നാട്ടിൽ വന്ന ദിവസം അറിഞ്ഞതാണ്.
പ്രതീക്ഷിച്ചപോലെ തന്നെ മാഷും ഈട്ടിത്തറയിൽ പാപ്പിയോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ ഉള്ളിൽ കരുതിയ രൂപമൊന്നുമല്ല മാഷിന്. നല്ല കട്ട മീശക്കാരനായ ഒരു ചുള്ളൻ മധ്യവയസ്‌കൻ.
" മുഹമ്മദ് മാഷ്,....."
" ആണല്ലോ, ഇതാരാ മനസ്സിലായില്ലല്ലോ?"
തന്നെ കണ്ടപ്പോഴേ പാപ്പി ചിരിച്ചു കൊണ്ട് ഓടി വന്നിരുന്നു. മാഷിന്റെ പരിചിതകുറവ് കണ്ട് പാപ്പി, എന്നെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.
" മാച്ചേ, ഇത് അമ്മടെ അച്യുതേട്ടന്റെ ബീട്ടിലെയാ..."
" ഒക്കെ, ഗൾഫിലുള്ള യുക്തിവാദി ദിവാകരൻ അല്ലേ. ഇപ്പൊ പിടി കിട്ടി. എന്നാ എത്തിയെ..."
" അതേ, മാഷേ,. രണ്ടു ദിവസമായി."
പിന്നീട് എന്താ പറയേണ്ടത് എന്നറിയാതെ കുഴങ്ങി. പരിചയം പോലുമില്ലാത്ത ആളോട് ആദ്യം കാണുമ്പോൾ തന്നെ ഈ കാര്യങ്ങളൊക്കെ എങ്ങിനെയാ ചോദിക്കുക. പാപ്പിയോട് കുശാലന്വേഷണമൊക്കെ നടത്തി അങ്ങു വലിഞ്ഞെക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് മാഷിന്റെ വക ചോദ്യം.
" ദിവാകരന് എന്നോട് എന്തോ ചോദിച്ചറിയണമെന്നുണ്ടല്ലേ. എന്താടോ, താൻ ചോദിക്കൂ... മടി വിചാരിക്കേണ്ട. ഞാനും ഇപ്പോൾ ഈട്ടിത്തറകടവിലെ ആള് തന്നെയാണ്."
ഈ പുള്ളി ആള് കൊള്ളാലോ എന്നു ചിന്തിച്ചിട്ടു പറഞ്ഞു.
" മാഷേ അത് വേറെ ഒന്നുമല്ല. കുറച്ചു ദിവസമായി മനസ്സിൽ ഉയർന്ന ഒരു സന്ദേഹം ആണ്. മാഷിന് എന്താണ് ദൈവം.?"
മാഷ് ഒരല്പനേരം നിശബ്ദമായി എന്നെ നോക്കി. ഒരു പക്ഷേ ആ നോട്ടത്തിൽ തന്റെ മനസ്സിനെ വായിക്കുക ആയിരുന്നിരിക്കാം. അപ്പോഴും എന്റെ കൈ നെഞ്ചോട് ചേർത്ത് വച്ചിരുന്ന പാപ്പിയെ ചൂണ്ടിക്കാട്ടി മാഷ് പറഞ്ഞു.
" എടോ, എന്റെ ദൈവം ഈ പാപ്പിയെ പോലെയാണ്."
മാഷ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. തന്റെ മുഖത്തെ ഭാവം മനസ്സിലാക്കിയിട്ടെന്നോണം അദ്ദേഹം പറഞ്ഞു.
"എടോ, നമ്മളെ പടച്ചു വിട്ടിട്ട് ഉയരങ്ങളിൽ ഇരുന്നു നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നുവെന്നു കരുതുന്ന അദൃശ്യമായ ദൈവത്തെ, ആരാധിക്കുന്ന വിശ്വസിയല്ല ഞാൻ. സ്നേഹം ആണെന്റെ മതം. സ്നേഹിക്കാൻ അറിയുന്നവനാണ് എന്റെ ദൈവം. അതുകൊണ്ടാണ് എന്റെ ദൈവം പാപ്പിയെ പോലെയാണെന്ന് പറഞ്ഞത്."
നീ അന്വേഷിക്കുന്ന അതേ ദൈവത്തെ തേടി ഞാനും അലഞ്ഞിട്ടുണ്ട് ഒത്തിരി. ജോലിയുടെ ഭാഗമായും അല്ലാതെയും കുറെ യാത്രകൾ ചെയ്തിട്ടുമുണ്ട്. ജാതിമതഭേദമെന്യേയുള്ള പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. പക്ഷേ ആദ്യമായി ദൈവമെന്തെന്നുള്ള സ്പാർക്ക് കിട്ടിയത് മദറിൽ നിന്നാണ്. ഹിന്ദുവായ യാചകവൃദ്ധന്റെ ആഗ്രഹപ്രകാരം ഗംഗാജലം വായിൽ ഇറ്റിച്ചു കൊടുക്കുമ്പോൾ ഞാനുണ്ടായിരുന്നു അടുത്ത്. ആ വൃദ്ധന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. 'ഗംഗാജലം കുടിച്ചു മരിച്ചാൽ മോക്ഷം കിട്ടുമൊന്നു എനിക്ക് ഉറപ്പില്ലെങ്കിലും ദൈവത്തെ കണ്ടിട്ടാണ് ഞാൻ മരിക്കുന്നതെന്ന്.'
മദറിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങിനെ സാധിക്കുന്നുവെന്നു ചോദിച്ചപ്പോൾ പറഞ്ഞത്.
'ഇവരുടെ കണ്ണുകളിൽ ഞാൻ ദൈവത്തെ ആണ് കാണുന്നതെന്നാണ്.
' സഹായിക്കുന്നവനും സഹായപ്പെടുന്നവനും ദൈവമാകുന്ന മായാജാലം അവിടെയാണ് ആദ്യം കണ്ടത്.
പിന്നീട് കുറെ വർഷങ്ങൾ കഴിഞ്ഞു യാദൃശ്ചികമായി ബസിൽ വച്ചു കണ്ട ഒരു മധ്യവയസ്ക പറഞ്ഞ വാക്കുകൾ എന്നെ സ്പർശിച്ചു.
' അന്യായമായി ഈ ലോകം വച്ചുനീട്ടിയ കയ്പേറിയ അനുഭവങ്ങൾക്കിടിയിൽ ജീവിതം തന്നെ അവസാനിപ്പിക്കാമെന്നു കരുതിയ നിമിഷങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിച്ച യാഥാർഥ്യമാണ് ദൈവമെന്നു.'
അവരുടെ നാട് സൂര്യനെല്ലി ആണെന്ന് പറഞ്ഞപ്പോഴാണ്, അവരുടെ വാക്കുകളുടെ അർത്ഥം മനസ്സിലായത്.
കുറെ വർഷങ്ങൾക്കു മുൻപ് സംസ്ക്കാരപൈതൃകമുള്ള കേരളം ഒറ്റപ്പെടുത്തിയ എച് ഐവി ബാധിതയായ ബെന്സിയെന്ന കുട്ടിയുടെ അടക്കിന് കൂടിയപ്പോൾ, അവളുടെ അനിയൻ കൊച്ചിനെ ചേർത്ത് പിടിച് ആശ്വസിപ്പിച്ച ഒരു മരിയ സിസ്റ്ററിനെ ചൂണ്ടിക്കാട്ടി പതിമൂന്ന് വയസ്സ് പ്രായമുള്ള ബെൻസൻ പറഞ്ഞത് ഓർക്കുന്നുണ്ട്.
' എല്ലാരും കൈവിടുമ്പോൾ ഇങ്ങനെ ചേർത്ത് പിടിക്കുന്നവരെയാണ് എനിക്ക് ദൈവമെന്നു വിളിക്കാനിഷ്ടമെന്നു."
കണ്ണുകളിൽ ഒരു തിളക്കത്തോടെ മാഷിനെ കേട്ടിരുന്ന ഞാൻ ഇത്രയും നേരവും പാപ്പിയെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ടാണ് നിന്നിരുന്നത്. എപ്പോഴാണ് അവനെ ഞാൻ അങ്ങിനെ പിടിച്ചതെന്നറിയില്ല. പക്ഷേ സ്നേഹിക്കാൻ മാത്രം അറിയുന്ന, ബുദ്ധിമുട്ടുകളിൽ കൈവിടാത്ത ആരെയും ഒറ്റപ്പെടുത്താതെ ചേർത്തു നിർത്തുന്ന, പാപ്പിയെ പോലുള്ള ദൈവത്തെ ഞാനും ഉള്ളിൽ സ്നേഹിക്കാൻ തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ സന്തോഷത്തോടെ മാഷിന് നന്ദിയൊക്കെ പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോഴും പാപ്പിയുടെ കരുതലിന്റെ കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
By Antony Alphonse

Comments