Ormmakalthan Verukal
- Hashtag Kalakar
- May 3, 2023
- 4 min read
By Kavya P S
നീണ്ട പകലിനു ശേഷം രാത്രി എത്തിയിരിക്കുന്നു, സൂര്യകണങ്ങൾ ഭൂമിയോട് വിട്ടു പിരിഞ്ഞിരുന്നു. രാവിന്റെ മാറിലേക്ക് ചന്ദ്രക്കല അലിഞ്ഞു ചേർന്നു. ഹോസ്റ്റലിന്റെ ജനാലയിലൂടെ നോക്കുമ്പോൾ ഇതെല്ലാം ഒരു ജീവസുറ്റ ചിത്രംപോലെ... ദിയ ഓർത്തു. സമയം എട്ട് കഴിഞ്ഞിരുന്നു.
“രാവിലെ തുടങ്ങിയതാണ് ഈ ജനലിന്റെ അരികിലിങ്ങനെ ഇരിക്കാൻ. നിനക്കു വിശപ്പ് ഒന്നുമില്ലേ? ഇതെന്തുപറ്റി നിനക്കു?” കൂട്ടുകാരി അവളെ കുറ്റപ്പെടുത്തി. വിശപ്പും ദാഹവും അവളിൽ നിന്നും ഇല്ലാതായിരിക്കുന്നു. എന്തോ അരുതാത്തതു സംഭവിക്കാൻ പോകുന്നുവെന്നവൾക്ക് തോന്നി. രാവിലെ മുതൽ അവൾ അസ്വസ്ഥയായിരുന്നു. “ വാ ഭക്ഷണം കഴിക്കാം” – കൂട്ടുകാരി അവളെ വിളിച്ചു. ഇല്ലെന്നവൾ ആംഗ്യം കാണിച്ചു. പെട്ടന്നെന്തു മറിമായമാണ് തന്റെ സുഹൃത്തിന് വന്നുപെട്ടത് എന്നവൾ ആശങ്കപ്പെട്ടു. എത്ര ദുഖമുണ്ടായാലും ഇന്നേവരെ ഇത്ര അസ്വസ്ഥയായി തന്റെ സുഹൃത്ത് ദിയയെ അവൾ കണ്ടിട്ടില്ല. ഇത്ര പെട്ടെന്നവൾക്കു എന്തു സംഭവിച്ചു... അവളെ കാര്യമായെന്തൊ അലട്ടുന്നു. വീണ്ടും ഒരുപാട് തവണ അവൾ ദിയയെ നിർബന്ധിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ മനസില്ലാമനസ്സോടെ ദിയയെ മുറിയിൽ തനിച്ചാക്കി അവൾ പുറത്തിറങ്ങി. ഒരുവട്ടം കൂടി ജനലിനരികിൽ നിശ്ചലയായിരികുന്ന ദിയയെ അവൾ നോക്കി. നിശബ്ദമായി കതകിനെ ചേർത്ത ശേഷം അവൾ താഴെക്കിറങ്ങി.
ഇതൊന്നും ദിയ അറിഞ്ഞിരുന്നില്ല അവൾ മറ്റേതോ ലോകത്താണ്. ഇന്ന് രാവിലെ എഴുന്നേറ്റത്തുമുതൽ അവൾ അസ്വസ്ഥയാണ്. നിമിഷങ്ങൾ ഓടിയകലുന്തോറും അവളുടെ മനസ്സിനടിതട്ടിലെന്തോ ഭാരമേറി വന്നു. കാരണം ഇന്നവൾ മൂത്തശ്ശിയെയാണ് സ്വപ്നം കണ്ടത്. എത്രയോ നാളുകളായി മുത്തശ്ശിയെ കണ്ടിട്ട്. അവരോടൊപ്പം ചിലവിട്ട ദിവസങ്ങൾ എത്രയോ മധുരതരമായിരുന്നു. മോണകാട്ടിയുള്ള ചിരിയും ആ വെളുത്ത മുടിയിഴകളും ഭസ്മതിന്റെ ഗന്ധം അലിഞ്ഞുചേർന്ന സെറ്റും മുണ്ടും. ഉറക്കമില്ലാതെ കഥയുടെ വഞ്ചിയിലൂടെ സഞ്ചരിച്ച രാവുകളും അവൾ ഓർത്തെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഓർമകൾ ഉടലെടുക്കുകയായിരുന്നു ആ നിമിഷങ്ങളിൽ എന്നവൾ തിരിച്ചറിഞ്ഞു. ആ ദിനങ്ങൾ തീരല്ലേയെന്നവൾ ആശിച്ചിരുന്നു.
താൻ ഹോസ്റ്റലിലേക്ക് മാറുന്നതിൽ മറ്റാരേക്കാളും ദുഖം മൂത്തശ്ശിക്കായിരുന്നു. ഓരോ അവധികഴിഞ്ഞു വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴും മുത്തശ്ശി തന്ന ഒരായിരം രുചി ഓർമ്മകളുണ്ടാവും കൂട്ടിന്. എന്നാൽ പെട്ടെന്നായിരുന്നു ആ മാറ്റം. അല്ലെങ്കിലും ജീവിതം അങ്ങനെയാണ്; ശാന്തമായി കുളിർമ പകർന്നു പെയ്തിറങ്ങുന്ന മഴക്കിടയിലാവും പ്രതീക്ഷകളുടെ കാർമേഘങ്ങളെ കീറിമുറിച്ചു അലറിവിളിച്ച് ആ മിന്നൽ വരുന്നത്. വിധിയും അതുപോലെ തന്നെ........
പതിയെ പതിയെ മുത്തശ്ശിയുടെ സ്വഭാവവും പ്രവർത്തിയും സാധാരണയിൽ നിന്നും വ്യത്യസ്തമായിക്കൊണ്ടിരുന്നു. ഓരോ രാവും പകലും തെളിഞ്ഞു മങ്ങുന്തോറും അവരുടെ ബുദ്ധി ക്ഷയിച്ചു. ആരോഗ്യം ക്ഷയിച്ച ആ തലച്ചോറിലെ വേരുകൾ മുഴുവന് ജീവനറ്റ് പോയിരുന്നു. ദിനങ്ങൾ കടന്നുപോകവേ അവരുടെ ഓർമ്മയുടെ താളുകളോരോന്നായി അടർന്നുതുടങ്ങി. അവരെല്ലാം മറന്നു.. എല്ലാവരെയും ഒടുവില് തന്നെയും....അത് ഓർത്തപ്പോൾ അവളറിയാതെ കരഞ്ഞുപോയി. നെഞ്ചിലെ ഭാരം ഏറി വരുന്നതായി അവൾക്കു തോന്നി. അത്രമാത്രം അവൾ മുത്തശ്ശിയെ അറിഞ്ഞിരുന്നു. കഴിഞ്ഞ അവധിക്കു വീട്ടിൽ നിന്നു മടങ്ങുമ്പോൾ പതിവുപോലെ അവൾ മുത്തശ്ശിയോട് യാത്ര പറഞ്ഞു. എന്നാൽ അവർ വളരെയധികം മാറിപ്പോയിരുന്നു, ആ പഴയ ചുറുചുറുക്ക് അവരിൽ നിന്നും എത്രയോ അകലെയാണെന്നവൾക്കു തോന്നി. അവൾ യാത്ര പറഞ്ഞെങ്കിലും മുത്തശ്ശി നിശ്ശബ്ദയായിരുന്നു. അവർ ദിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ഇല്ല.. ഇല്ല .. അവർ തിരിച്ചറിയുന്നില്ല, അവരുടെ കോടമൂടിയ കണ്ണുകളിൽ ആശങ്ക പടർന്നു. “ആരാ?”.. അവർ സംശയത്തോടെ ചോദിച്ചു. ഉത്തരം നൽകാൻ ദിയയക്ക് കഴിയുമായിരുന്നില്ല. ഹൃദയം പിടയുന്ന വേദന ഉണ്ടായി അവളക്കപ്പോൾ.
കഴിഞ്ഞ ദിവസം അച്ഛൻ വിളിച്ചിരുന്നു മുത്തശ്ശിയെ തിരക്കി, അവരുടെ ആരോഗ്യം വളരെ മോശമായിരുന്നു. അവൾ ആലോചനകളിൽ മുഴുകി പെട്ടന്ന് ഹോസ്റ്റല് വാർഡൻ കതകുതുറന്നു മുറിക്കകത്തേക്ക് കടന്നുവന്നു.
“അച്ഛന് വിളിച്ചിരുന്നു ദിയയുടെ മുത്തശ്ശി.. അവരുടെ വാക്കുകൾ മുറിഞ്ഞു. ബാക്കി കേൾക്കണമെന്ന് അവൾക്കുണ്ടായിരുന്നില്ല. അവൾ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി, ചന്ദ്രനെ മേഘങ്ങൾ മറച്ചിരുന്നു. പ്രകൃതിയാകെ താങ്ങാനാവാത്ത ഇരുണ്ട ദുഖത്തിലാണ്ടിരുന്നു. വഴിതെറ്റിവന്ന കാറ്റ് എന്തോ ദുഖവാർത്ത അവളോടായി പറഞ്ഞതുപോലെ, കണ്ണീർ മഴ പെയ്തിറങ്ങുകയായി അവളിൽ നിന്നും..
Translation:
After a long day, night has fallen and the sun's beams have departed the earth. The moon dissolved into the darkness. All of this seemed to be a vivid picture from the hostel's window. Diya remembered. It was past eight o'clock.
It's too early in the day to be sitting by a window like this. Don't you feel hungry? What are you doing? Her friend took the fall. She no longer experiences hunger or thirst. She felt an uncanny feeling that something unexpected is about to happen. She had been restless the entire day. Her friend called her and said, "Let's eat." She made a no sign. Diya's sudden change frightened her friend. She had never witnessed her friend Diya's distress, no matter how depressed she was. What could have happened to her in such a short time? Something is bothering her. She repeatedly forced Diya to come, but she refused. Finally, she decides to leave Diya by herself in the space. She turned to gaze at Diya who was still by the window. She closed the door in silence and went on downstairs.
Diya was so tangled in her thoughts that she didn't care what her friend was doing. Since she awoke this morning, she has been restless. Something weighed hard on her mind as the moments passed. Last night she had a dream about her grandmother. She hadn't visited granny in a long time. Oh, how lovely it was to spend the days with them, she recollected her memories. The gummy smile, those white hairs, and the body and set smelled of ashes. She remembered the restless nights spent on imaginary ship of stories. It dawned on her that those experiences had created some of her life's brightest memories. She hoped those times would last forever.
More than everyone else, grandma grieved her move from her home to the hostel. But when she returns to the hostel after each vacation, she will always remember the flavour of food and sweet memories that her grandmother gave her. But it was a sudden change. But that's life; even when the rain is falling steadily and coolly, lightning can strike out of nowhere, tearing through the clouds of hope. And so it goes with fate.
Granny's behaviour started to diverge gradually from the norm. Her brain cells start waned as each day and night grew brighter and dimmer. The roots in that brain, which had lost its vigour, were all dead. As the days passed, the pages of her memories began to peel away. Everyone eventually faded from her memory, and finally she lost her memories of Diya. Without realizing it, she started crying when she thought of that. She felt a heaviness in her chest. She just had that one remembrance of her granny. When she got home from her last vacation, she said goodbye to her grandmother as usual. However, she could sense how much granny had changed and how distant the old enthusiasm was from her. Grandma didn't respond to her goodbyes. Granny observed Diya's face intently, but she couldn't identify it, and a panic flashed in that old woman's gloomy eyes. She asked suspiciously, "Who are you?" Diya was unable to respond. She was suffering unbearable agony. She didn't forget to ask about her grandmother's health when her father called last time; granny was in serious condition.
She was lost in thinking when the hostel warden unexpectedly unlocked the door and walked inside.
"Diya... I just spoke with your father on the phone; she hesitated to say, "Your granny…" Diya is unwilling to hear any more from her. Once more, Diya peered out the window and observed that the moon was hidden by clouds. The entire nature was in a dark, miserable sorrow. She began crying like though a passing wind had broken some awful news to her.
By Kavya P S

Comments