top of page

Kannikonna

By Deepa Santosh


കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ദർശനവും സ്പർശനവും സൂക്ഷ്മമായപ്പോൾ അവളിൽ അന്തർലീനമായ നിരവധി ഭാവങ്ങൾ ചിറകുവിടർത്തി... 


നവനീതചോരന്റെ  നറുപുഷ്പവും

           നവരസങ്ങളും


കാർമുകിൽവർണ്ണനും പീതവർണ്ണവും തമ്മിലുള്ള അഭേദ്യമായ പ്രണയം അവർണനീയമാണല്ലോ! കണ്ണന് സ്വയം 

 സമർപ്പിക്കാനായ് കനകാഭരണങ്ങളും

ഹരിത-പീത മിശ്രണമായ ആടയുമണിഞ്ഞ് വിഭൂഷിതയായി, നമ്രമുഖിയായി കർണികാരം നവവധുവായി നിൽക്കുമ്പോൾ ശൃംഗാരഭാവത്തിൻ പ്രേമമുകുളങ്ങളാണ് സുതാര്യമാകുന്നത്.


വർഷം മുഴുവനും ഋതുഭേദങ്ങളില്ലാതെ പുഷ്പിണികളാവുന്ന, മേടതപത്തിൽ വരണ്ടുണങ്ങി വിരൂപകളായ മറ്റെല്ലാ മലരുകളെയും നോക്കി കൊന്നപ്പൂക്കൾ 

കുണുങ്ങി കുലുങ്ങി ആടിയുലയുമ്പോൾ, "ബഹു വർണ-രൂപ-ഗന്ധികളായ നിങ്ങളെല്ലാമുണ്ടായിട്ടും മുരളീധരന് പ്രിയം എന്നോട് മാത്രം" എന്ന് മൗനമായ്  മന്ത്രിക്കുമ്പോൾ അതിൽ

ഹാസ്യഭാവമോ, വീരഗാംഭീര്യമോ അതോ  അഹന്ത ധ്വനിക്കുന്ന ബീഭത്സമോ?? 


മീന-മേട മാസങ്ങളിലെ അരുണകിരണങ്ങളുടെ തീവ്രതയും തീക്ഷ്ണതയും മറികടന്ന്, വേനൽക്കാലത്തിന്റെ ആരംഭത്തിൽ

ഇലകൾ പൊഴിക്കുകയും, ആ ശിഖരങ്ങളില്‍ മഞ്ഞപ്പൂങ്കുലകൾ നിറയുകയും ചെയ്യുന്നു. 

പ്രകൃതിയുടെ നിയന്ത്രണത്തിലാണ് സസ്യങ്ങളുടെ പൂക്കലും കായ്ക്കലും ഒക്കെ. ഈ ജീവശാസ്ത്രപരമായ താളത്തിനൊത്ത് തുള്ളുമ്പോഴാണ്

കർണികാരം പുഷ്പിണിയാവുന്നത്. 


കാലവും കണക്കും ഒന്നും പരിഗണിക്കാതെ ഇന്നു കണിക്കൊന്ന പൂക്കുന്നതു കാണാം. അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച് എപ്പോഴൊക്കെ മണ്ണിലെ ജലാംശം

പരിധിവിട്ട് കുറയുന്നുവോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ്. സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്ന ഫ്ലോറിജൻ എന്ന സസ്യ ഹർമോണിന്റെ ഉത്പാദനം ചൂടിനൊപ്പം വർദ്ധിക്കുന്നു. 


അടുത്തെത്തിയ കാലവർഷത്തിന്റെ ജലാംശത്തിന്റെ അന്തരീക്ഷത്തിലെ സാന്നിധ്യം ഏകദേശം മൂന്നു മാസങ്ങൾക്കു മുൻപു തന്നെ മണത്തറിയാൻ കഴിയുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്തി) കൊന്നയ്ക്ക് മാത്രം സ്വന്തം. 

ഈ പ്രത്യേകതകൾ മൂലം കൊന്നയ്ക്ക് രൗദ്രഭാവവും വീരപ്രൗഢഗാംഭീര്യവും

കൈവന്നപോലെ ഒരു സന്ദേഹം..!!!! 

മറ്റു സസ്യങ്ങൾ അത്ഭുതസ്തബ്ധരായ്, ശാന്തസ്വരൂപിണികളായ് 

കണ്ണന്റെയും വിഷുക്കാലത്തിന്റെയും

പ്രിയംവദകളാവാൻ കരുണ യാചിക്കുന്നുവോ??


By Deepa Santosh

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page