മുഖംമൂടി
- Hashtag Kalakar
- 13 hours ago
- 6 min read
By Noorjahan Basheer
നാൽപതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ Govt ആശുപത്രിയുടെ വൃത്തിഹീനമായ നിലത്ത് ചമ്രം പടിഞ്ഞ് ഇരിക്കുന്നു.
ആശുപത്രിയിൽ ചുറ്റുപാടുമുള്ള തിരക്കോ ബഹളങ്ങളൊ ഒന്നും അയാളെ ബാധിക്കുന്നേ ഇല്ല! അത്ര തിരക്കില്ലാത്ത ആശുപത്രീടെ ഒരു കോണിലേക്ക് മാത്രം അയാൾ ഇമവെട്ടാതെ നോക്കി കൊണ്ടേയിരിക്കുന്നു... അയാൾ കരയുന്നുണ്ടോ? ഇല്ല! കണ്ണിൽ ഒരു തുള്ളി കണ്ണീരില്ല... ഹൃദയഭാരത്താൽ കരഞ്ഞ് കല്ലിച്ച ഒരു നിർവികാരികത മാത്രം!!
വിനുവിനെ ഒന്നു കാണുന്നതിനു വേണ്ടിയാണീ ആശുപത്രി വരാന്തയിൽ ഞാൻ നിൽക്കുന്നത്, അവൻ കിടക്കുന്നതിന്റെ തൊട്ടടുത്തായി...
എന്തോ എനിക്കവനെ കാണാൻ തോന്നിയില്ല .. Icu വിന് പുറത്തുള്ള അവന്റെ അമ്മയെ മാത്രം കണ്ട് ഞാൻ തിരിച്ചു..
ചങ്ക് പോലെ കൂടെ നടത്തിയ അവൻ എന്റെ ചങ്കിൽ തന്നെ കുത്തി മുറിവേൽപ്പിച്ചിരിക്കുന്നു... വിനു മരിച്ചെന്ന വാർത്ത കേൾക്കാനാണ് ഞാനിപ്പോഴും ഇവിടെ നിൽക്കുന്നത്....
ഞാൻ വീണ്ടും ആ നാൽപത് കാരനെ തിരക്കി. അയാൾ അവിടെ തന്നെ ഇരിപ്പുണ്ട്.തൊട്ടടുത്ത് വിലപിടിപ്പുള്ള ഒരു മൊബൈൽ ഫോൺ, പോക്കറ്റിൽ ധാരാളം പണവും എന്തോ കട്ടിയുള്ള ഒരു ബുക്കും... അത് ഒരു പാസ്പോർട്ട് ആണ്???
രണ്ട് മൂന്ന് ആളുകൾ വന്ന് അയാളെ എന്തെങ്കിലും കഴിപ്പിക്കാൻ ഒരു പാഴ്ശ്രമം നടത്തി തിരിച്ച് പോയി.
വൈകുന്നേരമായിട്ടും ഞാൻ ആഗ്രഹിച്ച ഒരു വാർത്ത വിനുവിനെക്കുറിച്ച് പറഞ്ഞ് കേട്ടില്ല... നിരാശ തോന്നിയെങ്കിലും കാത്തിരിക്കാമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.പിന്നീട് അവന്റെ വീട്ടുകാർക്ക് മുന്നിൽ തകർത്ത് അഭിനയിച്ച് ആത്മാർത്ഥ സുഹൃത്തായി..
ഇത്തിരി പോലും കുറ്റബോധമോ വേദനയൊ അക്കാര്യത്തിൽ തോന്നിയില്ല!
അല്ലങ്കിൽ തന്നെ എന്തിന് തോന്നണം .. എന്നേക്കാൾ മികച്ച നടനായിരുന്നില്ലേ വിനു?
അമ്മക്കും അപ്പാക്കും എന്നേക്കാൾ പ്രിയം അവനോടായിരുന്നില്ലേ ? ??
എന്റെ ലക്ഷ്മിക്കും........!
ഞാൻ വീണ്ടും ആ പഴയ ബെഞ്ചിൽ വന്നിരുന്നു.. ആ മനുഷ്യൻ ഇപ്പോഴും അതേ ഇരിപ്പ് തുടരുന്നുണ്ട്...
പെട്ടന്ന് ആശുപത്രി വരാന്തയുടെ മറ്റേ കോണിൽ നിന്നും കൂട്ട നിലവിളി ഉയർന്നു.. ആളുകൾ അങ്ങോട്ട് ഓടുന്നു കൂട്ടത്തിൽ ഞാനും...
"ഷിഫ " ന്റെ മോളെ...... നിലവിളി ഉച്ചത്തിലായി ,
നടന്ന് ചെന്ന മുറിക്ക് മുകളിൽ "മോർച്ചറി "എന്ന് എഴുതി കണ്ട് എന്റെ കൈ കാലുകൾ തളർന്നു...
ഒപ്പം ഒരു സിനിമ കഥ പോലെ ഓർമകളുടെ കുത്തൊഴുക്ക് ഉണ്ടായി....!!!
നിശബ്ദമായി ഞാൻ പിറകിലോട്ട് യാന്ത്രികമായി നടന്നു..
ശേഷം ആ മനുഷ്യന് അഭിമുഖമായി വന്നിരുന്ന് അയാളെ ചേർത്ത് പിടിച്ച് എന്ത് പറ്റിയതാണന്ന് ചോദിച്ചു...
മറുപടി പ്രതീക്ഷിക്കാതിരുന്നിട്ടും അയാൾ ഒരു ചെറിയ കുഞ്ഞിനെ പോൽ എന്നെ വട്ടം പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു..
കരച്ചിലിനൊടുവിൽ അയാൾ ഒരു കടലാസ് കഷ്ണം എനിക്ക് നേരെ നീട്ടി...
പോസ് മോർട്ടം റിപ്പോർട്ട്
പേര് : ഷിഫ
വയസ്സ്: 30
മരണ കാരണം: . എന്തോ വിഷം ചെന്നിട്ട്
എന്റെ കയ്യിലിരുന്ന് ആകടലാസ് കഷണം വിറകൊണ്ടു. ഞാനയാളെ വീണ്ടും നോക്കി. അയാളുടെ കണ്ണുകൾ അപ്പോൾ ആശുപത്രിയുടെ വെളുത്ത ടൈലുകളുള്ള ചുമരിലെവിടെയോ തറച്ചു നിൽക്കുകയാണ്. അയാളുടെ തേങ്ങലുകൾ പതിയെ നിലച്ചുവന്നു.
അന്നേരം, ആശുപത്രിയുടെ ചില്ലുവാതിലുകളിലൊന്ന് തള്ളിത്തുറന്ന് വെളുത്ത തുണികൊണ്ട് മൂടിയ ഒരു സ്ട്രക്ച്ചർ, അവിടേക്കു ഉരുണ്ടു വന്നു. അതയാൾക്കു മുമ്പിൽ നിശ്ചലമായ ആ നിമിഷം അയാൾ നിയന്ത്രണം വിട്ടു അലറിക്കരഞ്ഞു. സ്വന്തം തലമുടി വലിച്ചു പറിച്ച് അയാളാ മൃതദേഹത്തിനു മേൽ കമിഴ്ന്നു വീണു. ആശുപത്രി വരാന്ത മുഴുവൻ അയാളുടെ നിലവിളിയിൽ ഒരു നിമിഷം മുങ്ങിപ്പോയി.
പിറകെ വന്നവരിലാരോ പണിപ്പെട്ട് അയാളെ പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ സ്ട്രെക്ച്ചർ വീണ്ടും ഉരുണ്ടു തുടങ്ങി. വേച്ചു വേച്ചതിനെ പിന്തുടരുമ്പോൾ അയാളെന്നെ ഒന്ന് തിരിഞ്ഞു നോക്കി, നിർവ്വികാരമായി തന്നെ. പക്ഷെ പെട്ടന്നയാൾ തലവെട്ടിച്ച് വീണ്ടും നോക്കി. അമ്പരപ്പോ അവിശ്വാസമോ കലർന്ന ഒരു നോട്ടം. കൂടെയുള്ളയാളുടെ കൈകളിൽ തൂങ്ങി നടന്നു നീങ്ങുമ്പോൾ പിന്നെയും അയാൾ എന്നെ തന്നെ നോക്കി. ഒരുപക്ഷെ ഇപ്പോളായിരിക്കും അയാളെന്റെ മുഖം ശരിക്കും കണ്ടത്.
പക്ഷെ......, അല്ല. അയാൾ... അയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. അയാളുടെ ആ കണ്ണുകൾ.... തിരിഞ്ഞു തിരിഞ്ഞുള്ള അമ്പരപ്പു കലർന്ന ആ നോട്ടം...
പെട്ടെന്ന് എന്റെ നെഞ്ചിടിപ്പിനു വേഗം കൂടി. അതെ, അതയാളാണ്.
അന്ന് രാത്രി, ആരും വരാനിടയില്ലാത്ത വിജനമായ ആ റോഡിൽ വിനുവിന്റെ ഞരക്കം നിലയ്ക്കാൻ വേണ്ടി നെഞ്ചിടിപ്പോടെ ഞാൻ കാത്തിരുന്നപ്പോൾ എന്നെ കടന്നു പോയ ആ കറുത്ത കാർ.... അതയാളാണ് ഓടിച്ചിരുന്നത്.
ചോരയിൽ കുളിച്ചു കിടന്നു പുളയുന്ന വിനുവിനെയും, മറിഞ്ഞു കിടക്കുന്ന അവന്റെ ബൈക്കും,തൊട്ടടുത്ത് അവന്റെ ശ്വാസം നിലക്കാൻ അക്ഷമയോടെ കാത്തു നിൽക്കുന്ന എന്നെയും അയാൾ വ്യക്തമായും കണ്ടിട്ടുണ്ടാവാം. പക്ഷെ, എന്നിട്ടും അയാൾ വണ്ടി നിർത്തുകയോ കാര്യം തിരക്കുകയോ ചെയ്തില്ല. ഇരുട്ടിൽ അയാളുടെ മുഖം ഞാൻ കണ്ടില്ല. പക്ഷെ അയാളുടെ കണ്ണുകൾ... അത് ഞാൻ വ്യക്തമായും കണ്ടു. അതിൽ നിഴലിച്ച ഭാവം.., ഭയമോ, ഭീഷണിയോ, കുറ്റപ്പെടുത്തലോ ഒന്നുമല്ല. തീർത്തും അപരിചിതമായ മറ്റെന്തോ ഒന്ന്...
എന്തായാലും അയാളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ മറ്റൊരാളും കടന്നു വരാനിടയില്ലെന്നുറപ്പിച്ചിട്ടു തന്നെയാണ് വിനുവിന് വേണ്ടി ഞാനാ മലമ്പാതയിൽ വലവിരിച്ചു കാത്തു നിന്നത്. എന്നിട്ടും പാതിരാ കഴിഞ്ഞ നേരത്ത് അയാളെന്തിനാവും അതു വഴി വന്നത്....?
അസ്വസ്ത്ഥതയോടെ ഞാനവിടെ നിന്നെഴുന്നേറ്റ് വിനു കിടക്കുന്ന മുറിക്കു മുമ്പിലെത്തി. അവിടെ അവന്റെയും എന്റെയും സുഹൃത്തുക്കളെല്ലാമുണ്ട്. എല്ലാവരുടെ മുഖത്തും വേദനയുടെ കയ്പ്പു പടർന്നത് കണ്ടപ്പോൾ ഞാനും വിഷാദത്തിന്റെ ഒരു മുഖം മൂടിയെടുത്തണിഞ്ഞു. !
അവർക്കിടയിൽ ഹൃദയം തകർന്ന്, കണ്ണീരിൽ കുതിർന്ന് അവളിരിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു കലങ്ങി.
അവൾ, ലക്ഷ്മി. എന്റെ കുഞ്ഞനിയത്തി....
എന്നെ കണ്ടിട്ടാവണം വിതുമ്പലോടെ അവൾ എന്തോ പറയാൻ ശ്രമിച്ചു. ഞാൻ കാണാത്ത ഭാവത്തിൽ തല കുനിച്ച് തിരിഞ്ഞു നടന്നു.
ഇല്ല.... അവൾക്കു മുമ്പിൽ മാത്രം എനിക്ക് അഭിനയിക്കാനാവില്ല.
അവളാണെനിക്കെല്ലാം. അവളെ ആദ്യമായി കാണാൻ അപ്പായുടെ കൂടെ ആശുപത്രിയിലെത്തിയതും, എന്റെ കുടക്കീഴിൽ ചേർത്തു നിർത്തി സ്കൂളിൽ കൊണ്ടു പോയതുമെല്ലാം നിറം മങ്ങിപ്പോകാതെ ഞാനോർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്.
വീട്ടിൽ അപ്പയേക്കാളും അമ്മയേക്കാളുമടുപ്പം അവൾക്കെന്നോടായിരുന്നു. അവളെല്ലാം എന്നോടാണ് വന്നു പറയുന്നത്. അങ്ങനെയാണ് അവൾ വിനുവിനെ കുറിച്ചും പറയുന്നത്.. അവളുടെ പ്ലസ്ടു പരീക്ഷ കഴിഞ്ഞ ദിവസം വൈകുന്നേരം...... ഏട്ടനോടൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞവൾ മുറിയിലേക്കു വന്നു. മുഖവുരയൊന്നും കൂടാതെ എല്ലാം പറഞ്ഞു തീർത്തു.
"വിനുവേട്ടൻ ഇപ്പോൾ ഇത് ആരോടും പറയേണ്ടെന്നു പറഞ്ഞതാ.... പക്ഷെ, എനിക്കെന്റെ ഏട്ടനോടു പറയാതിരിക്കാൻ പറ്റില്ല....”
-എന്റെ കൈത്തണ്ടയിൽ പിടിച്ചമർത്തിയവൾ പറഞ്ഞു.
എനിക്കവളെ ശകാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനപ്പോൾ വിനുവിനെക്കുറിച്ചാണ് ഓർത്തത്. ലക്ഷ്മിയെ കുറ്റപ്പെടുത്താനാവില്ല. വിനുവിനെപോലൊരാളെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാവില്ല.
അവനെ അറിയാത്തവരായി ഞങ്ങളുടെ കോളേജിൽ ആരും തന്നെയുണ്ടായിരുന്നില്ല. എന്റെ സീനിയർ ആണ്. കോളേജിന്റെ എല്ലാ പരിപാടികളിലും അവൻ മികച്ച സംഘാടകനാണ്. സന്നദ്ധ പ്രവർത്തനങ്ങളിൽ മികച്ച വൊളന്റിയർ...അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രിയപ്പെട്ടവൻ... പ്രായത്തിന്റെതായ ഒരു ചാപല്ല്യങ്ങളുമില്ലാത്തവൻ...
ഒരു ദിവസം കോളേജിലേക്കുള്ള ബസ്സ് കാത്തുനിൽക്കുമ്പോൾ അവനെനിക്കു ലിഫ്റ്റു തന്നു. അന്നു മുതലാണ് ഞങ്ങൾ സുഹൃത്തുക്കളായത്. ചില ദിവസങ്ങളിൽ കോളേജു കഴിഞ്ഞ് അവൻ എന്റെ കൂടെ വീട്ടിൽ വരും. അമ്മയുണ്ടാക്കിയ കാപ്പിയും പലഹാരവും കഴിച്ചു ഇരുട്ടും വരെ അമ്മയോടും ലക്ഷ്മിയോടും സംസാരിച്ചിരിക്കും. എന്റെ വീട്ടിൽ മാത്രമല്ല ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെ വീട്ടിലും അവന് എപ്പോഴും പ്രവേശനമുണ്ടായിരുന്നു.
അവനു വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജിൽ നിന്ന് ഒത്തിരി അകലെയായിരിന്ന അവന്റെ വീട്ടിൽ, വരാന്ത്യങ്ങളിൽ മാത്രമേ അവൻ പോകാറുള്ളൂ. അല്ലാത്തപ്പോൾ ഏതോ ബന്ധുവിനൊപ്പം താമസിക്കും.
അമ്മയുടെ മാസങ്ങൾക്കു മുമ്പെ കേടായിപ്പോയ പഴയ ഗ്രൈന്ററും, അച്ഛന്റെ ട്രഷറിയിലേക്കുള്ള പെൻഷന്റെ പേപ്പറുകളും അവനാണ് ശരിയാക്കിയത്. അവനെ കണ്ടു പഠിക്കാൻ അമ്മ പറയുമ്പോൾ ഞാൻ ചിരിച്ചു കൊണ്ടു ശുണ്ഠിയെടുത്തു. അവനെന്റെ സുഹൃത്താണെന്നു പറയാൻ എനിക്കഭിമാനമായിരുന്നു.
ലക്ഷ്മിയുമായുള്ള ബന്ധം ഒരു പക്ഷെ ഞങ്ങളുടെ സൗഹൃദത്തെ ഇല്ലാതാക്കുമെന്ന ഭയമാവും അവനെ എല്ലാം രഹസ്യമാക്കി വെക്കാൻ നിർബന്ധിച്ചത്.
പാവം....
അവനായിട്ടു എന്നോടു പറയും വരെ കാത്തിരിക്കാൻ ഞാനും തീരുമാനിച്ചു.
പക്ഷെ എന്റെ തീരുമാനങ്ങളെല്ലാം മാറിമറിഞ്ഞതു എത്ര പെട്ടെന്നാണ്......
ഐ. സി. യു വിന്റെ വാതിൽ വീണ്ടും തുറന്നപ്പോൾ ഉള്ളിൽ പതഞ്ഞു വന്ന ജിജ്ഞാസ അടക്കി വെക്കാൻ പാടു പെട്ട് ഞാനവിടേക്കു പതിയെ ചെന്നു. നഴ്സ് ഏതോ മരുന്നിന്റെ കുറിപ്പു അവന്റെ അമ്മയുടെ കയ്യിലേൽപ്പിച്ചു തിരികെ പോയപ്പോൾ ഞാൻ അടക്കാൻ കഴിയാത്ത നിരാശയിൽ വീണ്ടും തിരിഞ്ഞു നടന്നു.
പ്ലസ്ടു റിസൾട്ടു വന്നപ്പോൾ ലക്ഷ്മിക്ക് നല്ല മാർക്കുണ്ടായിരുന്നു. അവൾക്ക് ബാംഗ്ലൂരിലൊരു കോളേജിൽ തന്നെ പഠിക്കണമെന്നു പറഞ്ഞപ്പോൾ അപ്പയുമമ്മയും ആദ്യം സമ്മതിച്ചില്ല. ഒടുവിൽ എന്റെ കൂടെ നിർബന്ധത്തിനു മുമ്പിൽ അവർ വഴങ്ങി. എങ്കിലും ഇതേവരെ ഞങ്ങളെ ആരെയും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവളെങ്ങനെയാണ് അവിടെ ഒറ്റക്കു പോയി നിൽക്കുന്നതെന്നു ഞാൻ ആശ്ചര്യപ്പെടാതിരുന്നില്ല. അഡ്മിഷനെടുക്കുന്നതിനു മുമ്പ് അവിടെ പോയി കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്ന് അമ്മ നിർബന്ധം പിടിച്ചതു കൊണ്ടാണ് ഞാൻ തനിയെ ബാംഗ്ലൂർക്കെത്തിയത്. സത്യത്തിൽ ആ യാത്രയാണ് എന്നെയീ ആശുപത്രിക്കു മുമ്പിലെത്തിച്ചത്.
ലക്ഷ്മി പഠിക്കാൻ പോകുന്ന ക്യാപസും ഹോസ്റ്റലുമെല്ലാം പോയിക്കണ്ട് അമ്മക്കൊരു നീണ്ട പോസിറ്റീവ് റിവ്യുവും കൊടുത്താണ് ഞാൻ നാട്ടിലേക്കു ബസ്സ് കയറിയത്. സ്റ്റാന്റിൽ നിന്ന് ബസ്സ് പുറപ്പെട്ടു കഴിഞ്ഞാണ് കുറച്ചകലെയിരിക്കുന്നയാളിൽ എന്റെ കണ്ണുടക്കിയത്. കയ്യിൽ പതഞ്ഞു പൊങ്ങുന്ന ഗ്ളാസ്സുമായി പുകച്ചുരുളുകൾക്കു നടുവിൽ അവൻ..
വിനു....
തൊട്ടു ചാരിയിരിക്കുന്ന അവൻ ബന്ധുവെന്നു പരിചയപ്പെടുത്താറുള്ള ആളെയോ അരികിൽ പാർക്കു ചെയ്ത അവന്റെ ബൈക്കോ കണ്ടിട്ടില്ലായിരുന്നെങ്കിൽ അത് വിനുവാണെന്നു ഞാനും വിശ്വസിക്കില്ലായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ മദ്യപിക്കുന്നതോ പുകവലിക്കുന്നതോ അത്ര അപൂർവ്വമൊന്നുമല്ല. ഒരുമിച്ചുള്ള യാത്രകളിലും വിശേഷങ്ങളിലും എല്ലാവരും ചെയ്യുന്നതാണ്. പക്ഷെ വിനു മാത്രം എല്ലായ്പ്പോഴും അത്തരം അവസരങ്ങളിൽ നിന്ന് വിനയപൂർവ്വം ഒഴിഞ്ഞു മാറി.
എന്തിന്?
എല്ലാവർക്കും മുമ്പിൽ അവൻ നല്ലവനായി അഭിനയിച്ചു.
എന്തിന്...?
ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഒന്നിനു പുറകെയായി മുളച്ചു വന്നു.
വീട്ടിലെത്തി ലക്ഷ്മിയെ അധികം നിർബന്ധിക്കാതെ തന്നെ എന്റെ ആദ്യത്തെ സംശയം ദുരീകരിച്ചു. വിനുവാണ് അവളോട് ബാംഗ്ളൂരിലേക്ക് ചെല്ലാൻ ആവശ്യപ്പെടുന്നത്.
പിന്നീട് ഒരാഴ്ച്ച ഞാനവനു പുറകെ തന്നെയായിരുന്നു. ഇടക്കിടക്കു അവന്റെ ഫോൺ റിംഗ് ചെയ്യുന്നതും, എല്ലാവരിൽ നിന്നും അകന്നു പോയി അവൻ റിപ്ലൈ ചെയ്യുന്നതും ഞാൻ മുമ്പു കണ്ടിട്ടുള്ളതാണ്. പക്ഷെ സംശയം തോന്നിയതിപ്പോഴാണ്.
‘ഒരു ബന്ധു വീട്ടിലാണെന്നു പറഞ്ഞിട്ട് അവൻ ശരിക്കും താമസിക്കുന്നത് പഴയ ഒരു ലോഡ്ജിലാണ്, ഇരുട്ടിന്റെ മറവിൽ നഗരത്തിൽ അവനു ചില ഇടപാടുകളുണ്ട്, അവൻ എല്ലാ ആഴ്ച്ചകളിലും വീട്ടിലേക്കാണെന്നു പറഞ്ഞു പോകുന്നത് കൊച്ചിയിലേക്കോ ബാംഗ്ളൂരിലേക്കോ ഒക്കെയാണ്.
- ഇത്രയും കാര്യങ്ങൾ അവന്റെ പിറകെ നടന്ന ഒരാഴ്ച്ചയിൽ തന്നെ ഞാനറിഞ്ഞു കഴിഞ്ഞു.
പക്ഷെ എനിക്കു കൂടുതൽ അറിയണമായിരുന്നു. അതിനെനിക്കു അവന്റെ ഫോൺ വേണമായിരുന്നു. അതിനൊരവസരം കാത്തു ഞാനിരുന്നു. ചെയ്യുന്നത് ശരിയല്ലെന്നുറപ്പായിട്ടും, ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ അവൻ ലോക്ക് ചെയ്യാതെ അലക്ഷ്യമാക്കി വെച്ച ഫോൺ ഞാനെടുത്ത് ഒളിപ്പിച്ചു വെച്ചു. രഹസ്യമായി അതു തുറന്നു നോക്കിയ ഞാൻ സ്തംഭിച്ചു പോയി.
അതിൽ ഒരുപാട് പെൺകുട്ടികളുടെ വിവരങ്ങളും ഫോട്ടോകളും ഉണ്ടായിരുന്നു. എന്റെ ലക്ഷ്മിയുടെതും.. ഒരുപാട് പേർക്ക് ഒരു പോലെ അയച്ച സ്നേഹ സന്ദേശങ്ങൾ... ഭീഷണിപ്പെടുത്തലുകൾ...., വില പേശലുകൾ....., ജീവിതം തകർക്കരുതെന്നു കെഞ്ചുന്ന പലരുടെയും യാചനകൾ..., കരച്ചിലുകൾ....., ശാപവാക്കുകൾ..., പിന്നെയുമുണ്ട്, മയക്കു മരുന്നിന്റെയും കള്ളക്കടത്തിന്റെയും ഒരുപാട് പണമിടപാടുകൾ.....
അവൻ വലിയൊരു ശൃംഖലയുടെ കണ്ണിയാണ്...
എന്തു ചെയ്യണമെന്നറിയാതെ ഞാനൊരു നിമിഷം നിന്നു പോയി. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഫോൺ തിരികെ വെച്ചു വീട്ടിലേക്കു പോകുമ്പോൾ ലക്ഷ്മിയെ കണ്ട് എല്ലാം തുറന്നു പറയണമെന്ന് ഞാനുറപ്പിച്ചു. ഞാൻ പറഞ്ഞാൽ അവൾ പിന്മാറും. അവളെയെനിക്കു രക്ഷിക്കാനാവുമെന്നോർത്തപ്പോൾ നേർത്തൊരാശ്വാസം തോന്നി.
പക്ഷെ ....?
‘അവളെ മാത്രം രക്ഷിച്ചാൽ മതിയോ? ഇല്ല. ഇനിയൊരാളും അവൻ കാരണം തകരരുത്.
അതിന്..., അതിനവൻ ഇല്ലാതാവണം... ഒരു കണ്ണിയെയെങ്കിലുമില്ലാതാ ക്കാനായെങ്കിൽ... ‘
-ഞാൻ തീരുമാനിച്ചു. ലക്ഷ്മിയോടെന്നല്ല ആരോടും ഒന്നും പറഞ്ഞില്ല.
പറ്റിയ അവസരം കാത്ത് ഞാനിരുന്നു, ഒടുവിൽ കുന്നിൻ മുകളിലെ രഹസ്യ സങ്കേതത്തിലേക്കുള്ള അവന്റെ പാതിരാവിലെ യാത്രകളെ ഞാൻ കണ്ടെത്തി. അതു തന്നെയവസരമാക്കിയെടുത്തു ഞാനവിടെ കാത്തിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് പിറകിൽ നിന്നേറ്റ ആഘാതത്തിൽ അവൻ തെറിച്ചു വീണു. റോഡിൽ കിടന്ന് പുളഞ്ഞു.
ആ നേരത്ത് ഒരു കറുത്തകാറിൽ അയാളതു വഴി വന്നതു കൊണ്ടാണ് എനിക്കവിടെ നിന്ന് പെട്ടെന്ന് പോരേണ്ടി വന്നത്. അതു കൊണ്ടു മാത്രമാണ് ഈ നശിച്ച ആശുപത്രി വരാന്തയിൽ അവന്റെ മരണം കാത്തു നിൽക്കേണ്ടി വരുന്നത്.
ഞാനാഗ്രഹിക്കുന്ന വാർത്ത കേൾക്കാൻ പിന്നെയുമൊരു ദിവസം കാത്തിരിക്കേണ്ടി വന്നു. നിരാശ വിങ്ങുന്ന മുഖവുമായി ഡോക്ടർ അവന്റെ മരണം സ്ഥിരീകരിച്ചപ്പോൾ പുറത്തു കാത്തു നിന്നവരെല്ലാം സമനില തെറ്റി ബഹളം വെച്ചു. ഞാൻ മാത്രം നിസ്സംഗനായി എല്ലാം നോക്കി കണ്ടു. എല്ലാം നഷ്ടപ്പെട്ട് സ്വയം തകർന്നുപോയ ലക്ഷ്മി വേച്ചു വേച്ചു വീഴാനാഞ്ഞപ്പോൾ ഞാനവളെ താങ്ങി ഒരു ബെഞ്ചിൽ കൊണ്ടിരുത്തി.
അവൾക്കു കുടിക്കാൻ വെള്ളമന്വേഷിച്ചു പുറത്തേക്കിറങ്ങിയപ്പോഴാണ് വീണ്ടും അയാളെ ഞാൻ കണ്ടത്. തലേന്ന് ഒരു സ്ട്രെക്ച്ചറിനു പിറകെ എന്നെ തന്നെ തിരിഞ്ഞു നോക്കി കൊണ്ടു നടന്നു പോയ അതേയാൾ... അയാളെന്തിനാണ് വീണ്ടുമിവിടെ..?
ആ കറുത്ത രാത്രി ഇരുളിൽ നിന്നു എന്നെ തന്നെ തിരിഞ്ഞു നോക്കിയ ആ കണ്ണുകളിൽ ഇപ്പോൾ എന്തോ ഒരു തെളിച്ചം. ചുണ്ടിൽ പകയെരിയുന്ന ഒരു ചിരി.
ഞാൻ തെല്ലൊരു പരിഭ്രമത്തോടെ അയാൾക്കരികിലേക്ക് നടന്നു.
“അവൻ, തീർന്നു ല്ലേ....”
-അയാൾ അതേ ചിരിയോടെ വിനുവിന്റെ മുറിക്കു നേരെ നോക്കി ചോദിച്ചു.
ഞാൻ ഉവ്വെന്നു തലയാട്ടി.
“ആ ഇരിക്കുന്നത് പെങ്ങളാണ്.... ല്ലേ”
അയാൾ ലക്ഷ്മിക്കു നേരെ നോക്കി. ഞാൻ വീണ്ടും തലയാട്ടി. അയാളത് കാണാതെ തുടർന്നു..
“അവളെ നീ രക്ഷിച്ചു. പക്ഷെ എന്റെ ഷിഫമോൾ.... അവളെ എനിക്കു രക്ഷിക്കാനായില്ല...”-
അയാളുടെ നെഞ്ചിൽ നിന്നൊരു തേങ്ങലുയർന്നു.
“ഇന്നലെ... മരിച്ചത്... “-ഞാനുദ്വേഗത്തോടെ ചോദിച്ചു.
“ എന്റെ ഭാര്യയായിരുന്നു.. ഷിഫ.., പത്ത് വർഷത്തെ ദാമ്പത്യം... മക്കളുണ്ടായില്ല, എനിക്കവളും അവൾക്കു ഞാനും.... എന്നിട്ടും അവൾ എന്നോട്, ഒന്നും പറയാതെ പോയ് കളഞ്ഞു.....”
അയാൾ വിതുമ്പിത്തുടങ്ങി. കുറച്ചു നേരത്ത നിശ്ശബ്ദതക്കു ശേഷം വിനു കിടക്കുന്ന മുറിക്കു നേരെ പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു.
അവനാ.... ആ ദുഷ്ടനാ അവളെ...., അവളുടെ ഫോണിൽ എല്ലാമുണ്ടായിരുന്നു. പക്ഷെ എല്ലാം എന്നോട് തുറന്നു പറഞ്ഞാൽ മാത്രം മതിയായിരുന്നു. പകരം അവൾ ഒരു കുപ്പി വിഷം കൊണ്ട്.... എല്ലാം അറിഞ്ഞു ഞാൻ നാട്ടിലെത്തിയപ്പോഴേക്കും അവളിലൊരു ശ്വാസം മാത്രമേ ഉണ്ടായിരുന്നു... ഇന്നലെ അതും....
അയാളുടെ തേങ്ങലുകൾ ഉച്ചത്തിലായി. ഞാനയാളെ ചേർത്തു പിടിച്ചു.
‘വിനു.., അവൻ കാരണം എത്ര ജീവനുകളാണ്... ‘ ഞാൻ ഒരു നെടു വീർപ്പോടെ ഓർത്തു.
പെട്ടെന്ന് ആശുപത്രിക്കു മുമ്പിലൊരു പോലീസ് വാൻ വന്നു നിന്നു. അതിൽ നിന്ന് രണ്ടു പോലീസുകാർ ഇറങ്ങി. അവർ വിനുവിനെകിടത്തിയ ബ്ലോക്കിനു നേരെയാണ് പോകുന്നത്. എന്റെ നെഞ്ചിടിപ്പു വേഗത്തിലായി. എന്റെ മുഖത്തെ വെപ്രാളം കണ്ടിട്ടാവണം അയാൾ പറഞ്ഞു
“നീ പേടിക്കേണ്ട..., എന്തെങ്കിലും സംഭവിച്ചാൽ
എല്ലാം ഞാനേറ്റെടുത്തോളാം...”
ഞാനമ്പരപ്പോടെ അയാളിൽ നിന്ന് ഒരടി പിന്നോട്ടു നീങ്ങി. അയാളുടെ മുഖത്തു വീണ്ടുമതേ ചിരി...
“അവനെ കൊല്ലാൻ വേണ്ടിത്തന്നെയാ ഞാനാ വഴി വന്നത്. പക്ഷെ ഞാനെത്തുമ്പോഴേക്കും നീയവനെ തീർത്തു..... “
-അയാളെന്റെ ചുമലുകളിൽ കൈവച്ചു കൊണ്ടു പറഞ്ഞു.
“എനിക്കിനി നഷ്ടപ്പെടാനൊന്നുമില്ല, പക്ഷെ നീയങ്ങനെയല്ല....”
-അയാൾ ലക്ഷ്മിയെ ഒന്നു കൂടി നോക്കി. പിന്നെ പതിയെ ഇറങ്ങി നടന്നു.
ഞാൻ നോക്കി നിൽക്കെ ഉച്ച വെയിലിൽ അയാളുടെ പിറകിലെ നിഴൽ ചുരുങ്ങി ചുരുങ്ങിയില്ലാതായി..... അയാൾ നിരത്തിലൊരു പൊട്ടായ് അലിഞ്ഞു തീർന്നു...
By Noorjahan Basheer

Comments