പുൽനാമ്പ് പറഞ്ഞത്
By Swathy Prasad
ഹൃദയത്തിൻസ്പന്ദവും
സ്നിഗ്ധമാംതലോടലും
ഒഴുകിടും വാത്സല്യവും
പ്രവഹിക്കും വികാരവും
കാണ്മൂ ഞാൻ എന്നുമേ,
ഓരോ പുൽനാമ്പിൻ തുടിപ്പിലും!
കലഹിച്ച പ്രളയത്തിലും
തരിശ്ശായ മണ്ണിലും
പ്രതിഷേധിച്ച ജ്വാലാമുഖികൾക്കിടയിലും
കടൽ തിന്ന കരയിലും
അതിജീവിച്ച പുൽനാമ്പിനെ
നിങ്ങൾ കണ്ടുവോ?
പ്രകൃതിയുടെ സത്വവും
സ്വപ്നവും സ്പന്ദവും
ഏറ്റുവാങ്ങുമ്പോഴും
കരുത്തിൻ പ്രതീകമായി മാറിയ പുൽക്കൊടി
പറഞ്ഞ സത്യത്തിൻ പൊരുൾ
ആരെങ്കിലും ഗ്രഹിച്ചുവോ?
പടവെട്ടിച്ചിന്നിച്ചിതറിയും,
സ്വന്തം ചോരയെ കുടിച്ചു ദാഹമടക്കിയും,
മദ്യത്തിൽ നീന്തി മദിരയിൽ മുങ്ങിയും,
ചതിതൻപടുകുഴിയിലാ ണ്ടുപോയമനുഷ്യാ..... !
നീ, കേൾക്കുന്നുവോ ഈ സ്വരോദകം!
പണവും പ്രതാപവും,
സുഖവും സ്വത്തുക്കളും,
സ്വന്തങ്ങൾ അന്യമായിപ്പോകുന്ന കാലവും
മാറിയ കാലത്തിൽ കെട്ടിയ കോലവും,
അഴിച്ചുവച്ച് നീ, വെറുതെയെങ്കിലും
ഈ പുൽനാമ്പിനെ ഒന്ന് നോക്കുക !
ഈ ചെറു ജീവന്റെ കരുത്തൊന്നു കാണുക!
അവളുടെ കഥയുടെ പൊരുളുകൾ അറിയുക!
ജീവന്റെ സത്യവും, അർത്ഥവും വ്യാപ്തിയും
അവളുടെ ഉർജ്ജത്താൽ പ്രാർഥിച്ചുണർത്തുക!!
By Swathy Prasad

Comments