തനിച്ചൊന്നിരിക്കണം (About Depression)
By Asiya S
മുറ്റത്തെ വെളിച്ചം മറഞ്ഞു-
പോകുമ്പോൾ അകത്തേക്കോടി
രാവന്തിയോളം ചുവരിനെനോക്കി
കാൽമുട്ടുകൾ ചേർത്തുപിടിച്ചീ
മൺതറയിൽ തനിച്ചൊന്നിരിക്കണം
വല്ലാത്ത കാലങ്ങളെയോർത്തു
മനുഷ്യരെന്ന് തെറ്റിദ്ധരിച്ച ചില
കൂട്ടങ്ങളെയോർത്തോർത്തു
ചിന്തകളെയിങ്ങനെ പെരുപ്പിക്കണം
ഒടുവിലത് പൊട്ടുമ്പോൾ
ചിതറിക്കിടക്കുന്ന ചോദ്യങ്ങളിൽ
നിന്നെനിക്കെന്റെ സ്വപ്‌നങ്ങൾ
പെറുക്കിയെടുക്കണം
ചാടിയൊന്നെണീറ്റാ കൂട്
പൊട്ടിച്ചെനിക്ക് രക്ഷ തേടണം
കണ്ട കിനാവുകളെ കുഴിച്ചുമൂടിയ
നൊമ്പരം പെയ്തിറങ്ങുമ്പോൾ
ഒരു പുസ്തകക്കുളിരിനെ മാറോടു
ചേർത്തുവെച്ചൊന്നുറങ്ങണം
ഉണർന്നാലെന്നിലെ തീയെ
ചൂഷണം ചെയ്ത പിശാചുക്കളെ
ശപിച്ചുകൊണ്ടെനിക്കെന്റെ ശരീരത്തെ
ഒരായിരംവട്ടം കൂടി വെറുക്കണം
ഒന്ന് കേൾക്കാൻ ഒന്ന് കൂടെ
കരയാൻ ഒന്ന് ചേർത്തുപിടിക്കാൻ
ഈ മതിലുകൾക്കായെങ്കിലെന്നാ-
ശിച്ചു നേരം ഇരുട്ടിക്കണം
മുറ്റത്തെ വെളിച്ചം തിരികെയെ-
ത്തുമ്പോൾ കവിളുകൾ വേദനിക്കുവോളം
ചിരിച്ചുകൊണ്ടെന്റെയാത്മാവിനെ കീറി
ആഹ്ലാദം പങ്കുവെക്കണം
അതിരാവിലെ വെളിച്ചമകലുമ്പോൾ
ഈ മൺതറയിലെനിക്ക് വീണ്ടും
തനിച്ചൊന്നിരിക്കണം!!
By Asiya S

Comments