ആദ്യവാസന
By Asiya S
കണ്ണും കാതുമെല്ലാമൊന്നായി
ഒട്ടിയും ചോര പറ്റിച്ചുമൊക്കെയും
ഒരു മാംസസഞ്ചിക്കുള്ളിലെ ലോകത്തിലേതായിരിക്കണം
ആദ്യത്തെ പരിമളം
ഉന്തിയും തള്ളിയും വട്ടത്തിൽ ചവിട്ടിയും
കാലിടറുമ്പോൾ ഏന്തിപ്പിടിച്ചൊരു
സാരിത്തുമ്പിനും അതേ ഗന്ധമായിരുന്നി
രിക്കണം.
ഹൃദയപ്പിടപ്പിൽ അലഞ്ഞലഞ്ഞൊടുക്കം
മണ്ണിൽ പൊതിഞ്ഞും ഉപ്പു രസിച്ചും
കടലോരത്തീന്ന് വാരിയെടുത്ത്
രണ്ടു പിച്ചും തന്നിട്ടൊടുക്കമുള്ള
ചുംബനത്തിന്റെതാണ് പ്രിയമുള്ളമണം
ഓർമകൾക്ക് തുരുമ്പെടുത്തു മറവിക്ക്
കൊടുത്ത കാതലും ആത്മാവിന്റെ
മിത്രത്തെ ശത്രുവാക്കിയ പ്രായവും പറഞ്ഞില്ല
കൊടുത്തത് കുത്തുവാക്കുകൾ
മാത്രമെന്ന്
എത്ര പ്രഹരമേറ്റാണന്നവർ ഉറങ്ങിയത്
ഒപ്പമുള്ളോൾ ഹൃത്തിൽനിന്നിറക്കിവിട്ടു
വലിച്ചെറിഞ്ഞ ഗർത്തത്തിൽ
വീണുപിടയുമ്പോൾ ന്റെ ചുണ്ടുകൾക്കെന്തേ
ഉപ്പുരസമെന്നറിയാതെ ഞാൻ മയങ്ങി
ഉള്ളും പുറവും പനിച്ചുവിറക്കുമ്പോൾ
അവിടത്തെ പ്രിയരെല്ലാമൊറ്റയാക്കി
മടങ്ങിയപ്പോളെനിക്ക് പരിചിതമല്ലാത്ത
ദുർഗന്ധമായിരുന്നു
ജീവിതത്തിലാദ്യത്തെ തോൽവിയിൽ മനം
നൊന്തോടിപ്പോയി ആലിംഗനം ചെയ്യാൻ
അവിടെയെന്റെയമ്മ ഇല്ലായിരുന്നു
തേടുന്ന പാതയെല്ലാം കണ്ണീരിൽ
കവിഞ്ഞൊഴുകി ഒടുക്കം ദൂരെയാ
കടലോരത്ത് മൺവീടുണ്ടാക്കിയവളെ
മനംനിറയെ ചുംബിച്ചെടുത്തപ്പോളറിഞ്ഞു
കാത്തിരിപ്പിന്റെ ആദ്യവാസന
By Asiya S

Comments