ലഹരി
- Hashtag Kalakar
- 14 hours ago
- 1 min read
By Noorjahan Basheer
ലഹരിയുടെ പിടിയിലമർന്ന യുവതലമുറയുടെ പോക്ക് ഇതെവിടേക്കാണ്. പത്രങ്ങളിലും ടിവിയിലുമെല്ലാം നിറഞ്ഞു
നിൽക്കുന്നത് അധികവും ലഹരിയെക്കുറിച്ചുള്ള വാർത്തകളാണ്. അപ്പോഴാണ് എന്റെ കൂട്ടുകാരി ആൻസി പറഞ്ഞ ജാനകിയുടെ കഥയോർമ്മവന്നത്. ആൻസിയുടെ അയൽവാസിയായിരുന്നു ജാനകി. ജാനകിയുടെ ഭർത്താവ് രാഘവൻ അവർക്കൊരു കുഞ്ഞുണ്ടായി അധികകാലം കഴിയുന്നതിനു മുൻപേ മരണമടഞ്ഞു. രാഘവൻ റബ്ബർ ടാപ്പിഗിന് പോയിട്ടാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ഒരു ദിവസം പുലർച്ചെ ടാപ്പിഗിന് പോകുമ്പോൾ ഒരു പട്ടിയുടെ കടിയേറ്റിരുന്നു. അയാൾ അതത്ര കാര്യമായി എടുത്തില്ല വീട്ടിൽ അതിനെക്കുറിച്ചൊന്നും പറഞ്ഞുമില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കടുത്ത പനി വരികയും വെള്ളം കാണുമ്പോൾ ഭയപ്പെടുകയും ഒക്കെ ചെയ്തപ്പോൾ മാത്രമാണ് രാഘവൻ ഹോസ്പിറ്റലിൽ പോയത്. അപ്പോഴാണ് പേവിഷബാധയാണെന്നറിയുന്നത്. ചികിത്സ വൈകിയതിനാൽ അയാളെ രക്ഷിക്കുവാനും കഴിഞ്ഞില്ല. അയാളുടെ മരണത്തോടെ ആ കുടുംബത്തിന്റെ വരുമാന മാർഗവും നിലച്ചു. പിന്നെ തന്റെ മകൻ രാജുവിന് വേണ്ടി മാത്രമായിരുന്നു ജാനകിയുടെ ജീവിതം. മകനെ വളർത്താനും പഠിപ്പിക്കാനുമായി അവൾ മറ്റുള്ള വീടുകളിൽ അടുക്കളപ്പണിക്കുവരെ പോയി. വളരെയേറെ കഷ്ടപ്പെട്ടാണ് ജാനകി ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മകന് അവന്റെ അവശ്യങ്ങളെല്ലാം എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അമ്മസാധിച്ചുകൊടുക്കുമായിരുന്നു.
അതിനിടയിൽ അവർ കാൻസർ എന്ന മാരക രോഗത്തിന്റെ പിടിയിലുമായി.
അമ്മയുടെ കഷ്ടപ്പാടും, ബുദ്ധിമുട്ടുമൊക്കെ മനസ്സിലാക്കിയ രാജുവിന് ആദ്യമൊക്കെ അമ്മയോട് വളരെ സ്നേഹമായിരുന്നു. ജാനകി വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രാജുവിനെ പട്ടണത്തിൽ എഞ്ചിനീയറിങ്ങിനു പഠിക്കാനയച്ചു. കോളേജ് ഹോസ്റ്റലിലാണ് രാജു താസിച്ചിരുന്നത്.
പഠനത്തിനിടയിലെപ്പോഴോ രാജു കൂട്ടുകാരുമായി ചേർന്ന് ലഹരി ഉപയോഗിക്കുവാൻ തുടങ്ങി. അവൻ പഠനാവശ്യത്തിനാണെന്നും മറ്റും പറഞ്ഞുപലപ്പോഴും വീട്ടിൽ അമ്മയോട് പണം ആവശ്യപ്പെടാൻ തുടങ്ങി. പണം ആവശ്യപ്പെടുന്നത് ലഹരിവസ്തുക്കൾ വാങ്ങുവാനാണെന്നറിയാത്ത ആ സാധുവായ അമ്മ പണമില്ലാതെ മകന്റെ പഠനം മുടങ്ങരുതെന്നോർത്ത് അസുഖമുള്ള അവസ്ഥയിൽ പോലും കഷ്ടപ്പെട്ട് ജോലിചെയ്ത് മകന് പണം കൊടുത്തുകൊണ്ടിരുന്നു.
അതിനിടയിൽ ജാനകി കാൻസർ എന്ന മാരക രോഗത്തിന്റെ പിടിയിലുമായി. ആദ്യമൊക്കെ ആഴ്ചയുടെ അവസാനം വീട്ടിൽ വന്നിരുന്ന രാജു പിന്നീട് വീട്ടിൽ വരുന്നത് തന്നെ വളരെ അപൂർവ്വമായി. അവന്റെ സ്വഭാവം തന്നെ ആകെ മാറി. മുൻപൊക്കെ അമ്മയോട് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന അവൻ അമ്മയോട് വീണ്ടും വീണ്ടും പണം ചോദിച്ചു കലഹമുണ്ടാക്കുന്നത് പതിവാക്കി. തന്റെ മകൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സത്യം ആ പാവം സ്ത്രീ തിരിച്ചറിയുവാൻ കുറച്ചു വൈകിപ്പോയി. അപ്പോഴേക്കും രാജു ലഹരിക്ക് വളരെ അഡിക്ടായി മാറിക്കഴിഞ്ഞിരുന്നു. പാവം ആ അമ്മ മനസ്സ് ആകെ തകർന്നുപോയി.
അവർ നല്ലവരായ അയൽക്കാരുടെ സഹായത്തോടെ മകനെ ലഹരി വിമുക്ത ചികിത്സാകേന്ദ്രത്തിലെത്തിച്ചു. അപ്പോഴേക്കും ജാനകിയുടെ ആരോഗ്യനില വളരെ മോശമായിക്കൊണ്ടിരുന്നു.
അതിനിടയിൽ ഒരു ദിവസം ചികിത്സാകേന്ദ്രത്തിൽനിന്ന് അവരറിയാതെ പുറത്തുചാടിയ രാജു നേരെ വീട്ടിലേക്ക് വരികയും തന്നെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കിയതിന്റെ വിരോധം തീർക്കാൻ കഷ്ടപ്പെട്ടു തന്നെ വളർത്തിയ സ്വന്തം അമ്മയെ വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുlത്തുകയുമായിരുന്നു.ആൻസി പറഞ്ഞ ജാനകിയുടെ ജീവിത കഥായെക്കുറിച്ചോർത്തപ്പോൾ മിഴികൾ അറിയാതെ നിറഞ്ഞുപോയി.ലഹരിയുടെ കരാളഹസ്തത്തിൽ പെട്ട് സ്നേഹിച്ചു ലാളിച്ചു വളർത്തിയ സ്വന്തം അമ്മയെപ്പോലും കൊന്നു കളയാനുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ.ലഹരിയുടെ പിടിയിലമർന്നു നശിക്കുന്ന ബാല്യ, കൗമാരക്കാരെയും, യുവാക്കളെയും കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ വല്ലാത്ത ആധിയുണ്ടാക്കി. നമ്മുടെ നാട് ഇനിയെന്നാണ് ലഹരി വിമുക്തമാകുകയെന്ന ചോദ്യം മനസ്സിൽ ഒരു ചോദ്യ ചിഹ്നമായ് അവശേഷിച്ചു.
By Noorjahan Basheer

Comments