By Resmi Radhakrishnan
പൂന്തോട്ടത്തിലെ ചാരുകസേരയിൽ കാറ്റും കൊണ്ടിരിക്കുകയാണ് ജാനു .
“ജാനൂ ... എന്താ ഒരാലോചന ?”
അടുത്ത് കിടന്ന കസേരയിൽ കയറിയിരുന്നു കൊണ്ട് കാത്തു ചോദിച്ചു
“ നോക്ക് .. ആ റോസച്ചെടി നിറയെ പൂക്കളാണിപ്പോ . എന്ത് ഭംഗിയാല്ലേ ! “
“ മമ് അതെ.
പക്ഷേ ജാനു നട്ട എല്ലാ ചെടികൾക്കും നിറയെ പൂക്കളുണ്ടല്ലോ, അവയെല്ലാം അതിമനോഹരവുമാണ്. പിന്നെ എന്തേ ഈ റോസച്ചെടിയോട് ഒരടുപ്പം പോലെ?”
“ബുദ്ധൂസേ..., റോസാ പൂവിനോട് പ്രണയം തോന്നാത്തവർ ആരാ ഈ ലോകത്തുള്ളത്.
പനിനീർ പൂവ് ! അത് തന്നെ ഒരുതരം ഹരം നിറഞ്ഞ പ്രണയമല്ലേടോ ? “
“മമ്.”
“മമ്? എന്തേ ഒരു മൂളൾ മാത്രം !”
“ ഓ ... നി പറഞ്ഞത് ശരിയാണ്.
പക്ഷേ, ഈ ചെടി നിറയെ മുള്ളല്ലേ, വേദനിക്കില്ലേ ?”
ആകാംക്ഷയോടെ അവളെ തന്നെ നോക്കിയിരിക്കുന്ന ആ ഉരുണ്ട കണ്ണുകളിലേയ്ക്ക് നോക്കി മൃദുവായി ചിരിച്ചുകൊണ്ട് ജാനു പറഞ്ഞു.
“ പനിനീർ പൂവിന്റെ മുള്ളുകൊള്ളാതെ ഒരിക്കലും അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല കാത്തൂ ...
ആ വേദനയ്ക്കും ഉണ്ട് ഒരുതരം മത്ത് പിടിപ്പിക്കുന്ന സുഖം ! അത് അനുഭവിക്കാൻ കഴിയാത്തത് നിന്റെ നഷ്ടം.”
“ ഒന്ന് പോയേ ജാനൂ... ഒരു സാഹിത്യക്കാരി വന്നേക്കുന്നു. ഇത് വട്ട്. അല്ലാതെന്താ ! “
തന്നെ നോക്കി കളിയാക്കിച്ചിരിക്കുന്ന ജാനൂനോടുള്ള ദേഷ്യത്തിൽ കസേരയിൽ നിന്നും ചാടി ഇറങ്ങി മണി കിലുക്കി കുണുങ്ങി കുണുങ്ങി കാത്തു നടന്നകന്നു.
“എന്താ കാത്തൂ ... പിണങ്ങി പോവ്വാണോ നീ ? “
“മ്യാവൂ”
തിരിഞ്ഞ് നോക്കാതെ നടന്നകലുന്ന കാത്തൂനെ നോക്കികൊണ്ട് , പറയാൻ ബാക്കി വെച്ചത് അവളോർത്തു.
ഒരു നെടുവീർപ്പോടെ കസേരയിൽ ചാരിയിരുന്നു കൊണ്ട് ആരോടെന്നില്ലാതെ അവൾ പറഞ്ഞു.
“ ഞാനും ഒരു പനിനീർ പൂവായിരുന്നെങ്കിൽ ഒരു പക്ഷെ അവനെന്നെയും പ്രണയിച്ചിരുന്നേനെ , അല്ലേ ?”
“ അത് വെറുതെയാ കുട്ടി ... നീ വിചാരിക്കും പോലെയല്ലത്! “
റോസാച്ചെടിയെ നോക്കി ആകാംക്ഷയോടെ അവൾ ചോദിച്ചു.
“ എന്നു വെച്ചാൽ?
“ പ്രണയമല്ല. പക്ഷേ ഒരു തരം ഇഷ്ടം.
പലർക്കും പല തരത്തിൽ .
ചിലർക്ക് പറിച്ച് പിച്ചിച്ചിന്തികളയാനോ അല്ലെങ്കിൽ സ്വന്തമാക്കാനോ ഉള്ള ഒരു തരം അഭിനിവേശം.
ചിലർക്ക് പറിച്ച് ഇഷ്ടപ്പെട്ട ആളിന് സമ്മാനിക്കുന്ന ഒരു തരം പ്രണയിത്വം.
ചിലർക്ക്, നിന്നേ പോലെ, ആടർത്തിമാറ്റാതെ ചെടിയിൽ തന്നെ നിർത്തി കാത്തുപരിപാലിക്കുന്ന ഒരു തരം സ്നേഹം ...
നിനക്ക് ... ! “
“ ജാനൂ ... ജാനൂട്ടിയേ..”
പറഞ്ഞു തീർക്കാൻ അവസരം കൊടുക്കാതെ അകത്ത് നിന്നും വിളി വന്നു.
“ ഞാനിവിടെയുണ്ടമ്മാ ...”
“ ആഹാ... എത്ര നേരമായി...”
അടുത്ത് വന്ന് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചിട്ട് ഒരു ചിരിയോടെ അമ്മ പറഞ്ഞു,
“പൂച്ചയോടും പൂക്കളോടും ഒക്കെ സംസാരിച്ചു കഴിഞ്ഞെങ്കിൽ അച്ഛനും അമ്മയ്ക്കും കുറച്ച് സമയം തരാമോ...
അച്ഛൻ വന്നു. വാ ചായ കുടിക്കാം....”
“ മമ് ശരിയമ്മേ .”
അടുത്തിരുന്ന മേശമേൽ വെച്ച നോവലും കവിതാ സമാഹാരവും തന്റെ എഴുത്തു പുസ്തകവും പേനയും എടുത്ത് അവൾ അമ്മയെ പിന്തുടർന്നു.
ഇടയ്ക്ക് തിരിഞ്ഞു നോക്കികൊണ്ട് റോസച്ചെടിയെ കൈ കാണിച്ചു.
“ ബാക്കി നാളെ”.
അപ്പോൾ അവളുടെ മുഖത്ത് ആരും കാണാത്ത , വശ്യത നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നിരുന്നു.
അത് കണ്ട റോസച്ചെടി ഒന്നു ആടിയുലഞ്ഞു , വിരുന്നു വന്ന കാറ്റിനൊപ്പം തന്റെ സൗരഭ്യത്തെ പറഞ്ഞയച്ചു കൊണ്ട്...!
By Resmi Radhakrishnan
❤️
❤
❤️❤️❤️
🧡
Nalla