By Tulasi Chembakam
ഉടലാകെ പിടയുന്നവറ്റയൊന്നിനെ
ചേറ്റിൽ നിന്നടികൂടി പിടിച്ചെടുത്തു.
ചേമ്പില പായ് വിരിച്ചതിൽ ചെള്ളും
ചെവിയും ചീകിക്കുടഞ്ഞൊരു കുടം-
വെള്ളം കോരിയൊഴിച്ചു കുട്ടപ്പനാക്കി.
പാതിയിൽ വരകീറി മുളകിട്ടുമിനുക്കി
പൊരിച്ചങ്ങടിക്കുവാൻ കിഴി കെട്ടിവെച്ചു.
തലയും വാലുമെല്ലാമൊരു മൺചട്ടി- യൊന്നിൽ ,മഞ്ഞൾ മസാലകളെല്ലാം
പാകത്തോട് എരിവേറ്റിയും നല്ല കുടം-
പുളിയിട്ടു തിളച്ചു വറ്റിയ നേരത്തിൽ,
ഇത്തിരി തേങ്ങയതു അരപ്പായ് ചേർത്തു.
പിന്നെയൊടുക്കം വറ്റൽ മുളകൊന്നും
ഉള്ളിയും കടുകുമൊന്നാകെ വറുത്തിട്ടു.
കണ്ണേറു പോയീടാൻ ഒരു തണ്ട് - കറിവേപ്പും ചന്തമായ് ചേർത്തടച്ചു വെച്ചു.
വന്നിടുമീവഴിയെങ്കിൽ ചെന്നെല്ലിൻ - ചോറും പട പട പപ്പടവും കൂട്ടി കുഴച്ചു -
ഏമ്പക്കം വിട്ടുണ്ണുവാൻ ഇലയുമിട്ടിരിക്കാം .
By Tulasi Chembakam
Kommentare