By Tulasi Chembakam
ചമയങ്ങൾ ചന്തമായണിഞ്ഞ്
ചരടുവലിക്കൊത്ത്
ശീലയൊന്നിനെ മറയാക്കി
ശോഭയെഴുന്നൊരു ചിരാതിൻ
പൊൻ തിരി വെട്ടത്തിൽ
പാവകൾ നിഴലിൽ
നിന്നാടും നടന വൈഭവമിത്.
കൽപ്പിത കാര്യങ്ങളൊക്കെയും
കർണ്ണാമൃതമാക്കുന്നൊരാ -
നിഴൽ കൂത്തതിൽ പാവകൾ
തുച്ഛം സുന്ദരക്കോലങ്ങളായ്
മാത്രം മിന്നിമറയുന്നു.
ഞാനുമിന്നാടിടുന്നൊരു -
"പാവക്കൂത്ത് "
സത്യമെന്തെന്നറിയാതെ,
യവനികയ്ക്കുള്ളിലെ
നിരാലംബയായ്, ഏതോ
അംഗുലീയ താളത്തിൽ
നിലയറിയാതെ, കഥയറിയാതെ
കാണുന്നോർക്കൊരു കളിപ്പാട്ടമായ്.
വിറയാർന്ന നാളത്തിൻ
പാതി തെളിഞ്ഞൊരു നിഴലിൽ
നിറഞ്ഞാടുന്നു ഞാൻ .
By Tulasi Chembakam
Comments